kob-rinsama

പാലാ : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടർ മറിഞ്ഞ് ഗർഭിണിയായ നഴ്‌സ് മരിച്ചു. വെമ്പള്ളി കളത്തൂർ കളപ്പുരയ്ക്കൽ (വെള്ളാരംകാലായിൽ) ബിജുവിന്റെ ഭാര്യ റിൻസമ്മ ജോൺ (40) ആണ് മരിച്ചത്.ബിജുവിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു.

പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്‌സാണ് റിൻസമ്മ. ഇന്നലെ രാവിലെ 6.45ഓടെ ആശുപത്രിയലേക്ക് പോകുംവഴി പാലാ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കലിലാണ് അപകടം സംഭവിച്ചത്. പിന്നിലിരുന്ന റിൻസമ്മ റോഡിൽ വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ബിജു ചികിത്സയിലാണ്.

എട്ടു വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് കുട്ടികളില്ലായിരുന്നു. ഇപ്പോൾ ഏഴു മാസം ഗർഭിണിയായിരുന്നു. ദിവസവും റിൻസമ്മയെ ആശുപത്രിയിൽ കൊണ്ടുവിട്ടിരുന്നത് ബിജുവാണ്. കുര്യത്ത് ചിക്കൻ സെന്റർ നടത്തുകയാണ് ബിജു. റിൻസിയുടെ സംസ്‌കാരം ഇന്ന് മൂന്നിന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും.