
ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കമ്മ്യൂണിക്കേഷനിലുണ്ടായിരുന്ന ഓഹരി പങ്കാളിത്തം കേന്ദ്രസർക്കാർ പൂർണമായും വിറ്റൊഴിഞ്ഞു. 10 ശതമാനം ഓഹരിപങ്കാളിത്തമാണ് ടാറ്റാ സൺസിന് കീഴിലെ പാനാടോൺ ഫിൻവെസ്‌റ്റിന് ഓഫ്-മാർക്കറ്റ് വില്പനയിലൂടെ കൈമാറിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന് നേരത്തെ ടാറ്റാ കമ്മ്യൂണിക്കേഷൻസിൽ 26.12 ശതമാനം ഓഹരികളുണ്ടായിരുന്നു. 34.80 ശതമാനം ഓഹരികൾ പാനാടോൺ ഫിൻവെസ്‌റ്റിന്റെ കൈവശവും 14.07 ശതമാനം ടാറ്റാ സൺസിന്റെ പക്കലുമായിരുന്നു. ബാക്കി 25.01 ശതമാനം പൊതു നിക്ഷേപകരുടെ കൈയിലും. 16.12 ശതമാനം ഓഹരികൾ നേരത്തേ കേന്ദ്രം വിറ്റൊഴിഞ്ഞിരുന്നു. 2.85 ലക്ഷം കോടി ഓഹരികളാണ് (പത്തു ശതമാനം) പാനാടോണിന് മാർച്ച് 18ന് വിറ്റഴിച്ചതെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി.
ഓഹരിയൊന്നിന് 1,161 രൂപ നിരക്കിലാണ് ആദ്യഘട്ടത്തിൽ 16.12 ശതമാനം ഓഹരികൾ കേന്ദ്രം വിറ്റഴിച്ചത്. ഓഫർ - ഫോർ -സെയിൽ മുഖേന റീട്ടെയിൽ, നോൺ-റീട്ടെയിൽ നിക്ഷേപകർക്കാണ് ഓഹരികൾ നൽകിയത്. കേന്ദ്രസർക്കാർ 1986ൽ സ്ഥാപിച്ച വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിലെ (വി.എസ്.എൻ.എൽ) ഓഹരികൾ സ്വന്തമാക്കി 2002ലാണ് ടാറ്റാ കമ്മ്യൂണിക്കേഷൻസിന് ടാറ്റാ ഗ്രൂപ്പ് തുടക്കമിട്ടത്. പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് വരുമാനം നേടുകയെന്ന കേന്ദ്ര പദ്ധതികളുടെ ഭാഗമാണ് ടാറ്റാ കമ്മ്യൂണിക്കേഷൻസിലെയും ഓഹരി വില്പന.