125445855

പരവൂർ: പൂതക്കുളത്ത് ബി.ജെ.പി പഞ്ചായത്ത്‌ സമിതി പ്രസിഡന്റിനെ അർദ്ധരാത്രി വെട്ടിപ്പരിക്കേൽപ്പിച്ചു. പൂതക്കുളം പേക്കുളം സുജിത്ത് നിവാസിൽ സുജിത്തിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൂതക്കുളം സ്വദേശികളുമായ ഗിരീഷ്, ചന്തു എന്നിവരെ ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി 12ഓടെ പൂതക്കുളം സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. ചാത്തന്നൂരിൽ നിന്ന് പാർട്ടി കമ്മിറ്റി കഴിഞ്ഞ് പുത്തൻകുളം വഴി വീട്ടിലേക്ക് പോവുകയായിരുന്നു സുജിത്ത്. സ്റ്റേഡിയത്തിന് സമീപത്തുവച്ച് ഗിരീഷും ചന്തുവും മറ്റൊരാളും ചേർന്ന് സുജിത്തിനെ ആക്രമിച്ചു. വടിവാൾ ആക്രമണത്തിൽ സുജിത്തിന്റെ വലത് കൈവിരലുകളറ്റു. അതുവഴി വാഹനം വന്നപ്പോൾ അക്രമിസംഘം രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് സുജിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നലെ ഉച്ചയോടെ പിടിയിലായ പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ മൂന്നാമനായി തെരച്ചിൽ തുടരുകയാണ്. സുജിത്ത് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.