
അഹമ്മദാബാദ് : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിർണായകമായ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും.
ഇന്ന് ജയിക്കുന്ന ടീമിന് കിരീടം സ്വന്തമാക്കാം. കഴിഞ്ഞ മത്സരത്തിൽ 8 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയാണ് ഇന്ത്യ പരമ്പര 2-2ന് സമനിലയിൽ ആക്കിയിരിക്കുന്നത്. സൂര്യകുമാർ യാദവിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ ബാറ്റിംഗും ഹാർദ്ദിക്കിന്റെയും ഷർദുളിന്റെയും ബൗളിംഗുമാണ് ഇന്ത്യയ്ക്ക് കഴിഞ്ഞ കളിയിൽ ജയമൊരുക്കിയത്. ട്വന്റി-20യിലെ മുൻനിര ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ കിരീടം ആരു നേടുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം.
ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സലായാണ് എല്ലാവരും ഈ ടൂർണമെന്റിനെ കാണുന്നത്. ഓപ്പണർ രാഹുലിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദന. ഇന്ന് രാഹുലിന് പകരം മികച്ച ഫോമിലുള്ള ഇഷാൻ കിഷന് ഇന്ത്യ അവസരം നൽകാൻ സാധ്യതയുണ്ട്. അത് പോലെ തന്നെ ടി.നടരാജനും അവസാന ഇലവനിൽ ഇടം നേടിയേക്കാം. ഇംഗ്ലണ്ട് ടീമിൽ മാറ്റത്തിന് സാധ്യതയില്ല.
ഏകദിന ടീമിനെ പ്രഖ്യാപിച്ചു
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ 23ന് തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നാലാം ട്വന്റി-20യിൽ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ്, കർണാടക പേസർ പ്രസിദ്ധ് കൃഷ്ണ, ബറോഡ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യ എന്നിവർക്ക് ആദ്യമായി ഏകദിന ടീമിലേക്ക് വിളിയെത്തി.
റിസർവ് താരമായി ആസ്ട്രേലിയയിൽപ്പോയി പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച യോർക്കർ സ്പെഷ്യലിസറ്റ് ടി. നടരാജനേയും പതിനെട്ടംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊഹ്ലി തന്നെ നായകനായ ടീമിൽ അതേസമയം പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരിക്കുന്ന രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല.
ടീം : കൊഹ്ലി (നായകൻ), രോഹിത് (ഉപനായകൻ), ധവാൻ, ഗിൽ, ശ്രേയസ്, സൂര്യകുമാർ, ഹാർദ്ദിക്, റിഷഭ്, രാഹുൽ,ചഹൽ, കുൽദീപ്, ക്രുനാൽ, സുന്ദർ, നടരാജൻ,ഭുവനേശ്വർ, സിറാജ്, പ്രസിദ്ധ്, ഷർദ്ദുൾ.