pinarayi-

പാലക്കാട് : കേരളത്തിലെ ഇടത് സർക്കാരിനെ വിമർശിക്കുന്നവർക്ക് നരേന്ദ്ര മോദിയെ വിമർശിക്കാൻ നാവു പൊന്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വിമർശനം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസെന്നും പിണറായി പറഞ്ഞു. നുണ പ്രചാരണം നടത്തി എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ബിജെപിയുടേയും ശ്രമമെന്നും അത് നടക്കില്ലെന്നും പാലക്കാട് എൽ.ഡി.എഫ് തിര‍ഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ഉന്നത വിദ്യാഭ്യസ മേഖലയിലെ ഹബ് ആക്കിമാറ്റുകയാണ് എൽ.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം.

കൊവിഡിന് മുന്നിൽ പല രാജ്യങ്ങളും വിറങ്ങലിച്ച് വീണപ്പോഴും കേരളത്തിന് പതര്‍ച്ചയുണ്ടായില്ല. കൊവിഡ് ബാധിക്കാത്ത ഏറ്റവും കൂടുതൽ പേര്‍ കേരളത്തിലാണുള്ളത്. കൊവിഡ് മരണവും ഏറ്റവും കുറവ് കേരളത്തിലാണ്. ലോകം നമ്മെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും 2016 ൽ നിന്നും വ്യത്യസ്തമായി ഏത് മഹാമാരിയെയും നേരിടാൻ സജ്ജം എന്ന നിലയിലേക്ക് ആരോഗ്യരംഗം മാറിയെന്നും പിണറായി പറഞ്ഞു.

എൽ.ഡി.എഫ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിൽ 2.5 ലക്ഷം വീടുകൾ പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. 1.5 ലക്ഷത്തോളം വീടുകളുടെ പണി പൂര്‍ത്തിയാകേണ്ടതായുണ്ട്. പദ്ധതിയിൽ അപേക്ഷിച്ച അര്‍ഹരായ മുഴുവൻ പേർക്കും വീടുനൽകുകയാണ് എൽ.ഡി.എഫ് നയമെന്നും പിണറായി വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതി പിരിച്ച് വിടുമെന്ന യു.ഡി.എഫിന്റെ പ്രഖ്യാപനത്തെയും പിണറായി വിമർശിച്ചു.