
ബോളിവുഡിൽ ധീരമായ നിലപാടുകൾ തുറന്നുപറയുന്നതിലൂടെ ശ്രദ്ധ നേടിയ നടിയാണ് തപ്സി പന്നു. കർഷകസമരത്തിലെ നിലപാടുകളിലൂടെയും ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിലൂടെയും വിവാദങ്ങളിലും താരം ചെന്നുപെട്ടു. മൂന്നു കാര്യങ്ങൾക്ക് വേണ്ടിയാണ് തന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയതെന്ന് തപ്സി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അതിലൊന്ന് പാരീസിലെ ബംഗ്ലാവിനെക്കുറിച്ചാണെന്നും അത്തരമൊരു ബംഗ്ലാവ് തനിക്കില്ലെന്നും തപ്സി വെളിപ്പെടുത്തിയിരുന്നു..ഡൽഹിയിൽ നിന്ന് മുംബയിലേക്ക് സ്ഥിരതാമസത്തിനായി പുതിയ വീട് കണ്ടെത്തിയിരിക്കുകയാണ് താരം.. പുതിയ വീടിന്റെ വിശേഷം താരം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് തന്റെ സ്വപ്നഭവനം ഗൃഹപ്രവേശത്തിന് റെഡിയായി എന്ന വിവരം താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
90കളെ ഓർമ്മപ്പെടുത്തുന്ന വിധം വിന്റേജ് സ്റ്റൈലിലാണ് വീടിന്റെ ഡിസൈൻ. സഹോദരൻ ഷാഗുൻ പന്നുവാണ് ഡിസൈനർ. പരമ്പരാഗത ആന്റിക് വർക്കുകളോടുകൂടിയ കർട്ടനുകളും വിരിപ്പുമൊക്കെ വീടിന് മോടികൂട്ടുന്നു. കസേര, സോഫ, മേശ, വാതിലുകൾ, ജനാല, കുഷ്യൻ എന്നിവയും വിന്റേജ് സ്റ്റൈലിൽ തന്നെ. പഴയ മോഡലിലുള്ള ഫോൺ, ഗ്രാമഫോൺ, മുമ്പ് ഉപയോഗിച്ചിരുന്ന സൈക്കിളുകൾ എന്നിവയും വീടിന്റെ ആന്റിക് ടച്ചിന് മാറ്റുകൂട്ടുന്നു.. 'പന്നു പിണ്ട്' എന്നാണ് അപ്പാർട്ട്‌മെന്റിന് പേരിട്ടിരിക്കുന്നത്. പാലുകാച്ചലിന് വീട് റെഡിയാണെന്നും തന്റെ ഇഷ്ടപ്പെട്ട സൗണ്ട് ട്രാക്കും പ്ലേ ലിസ്റ്റും വച്ച് ഇത് ആരംഭിക്കുമെന്നും പുതിയ അപ്പാർട്ട്‌മെന്റിന്റെ ചിത്രം ഉൾപ്പടെ തപ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.