
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസ കുറിപ്പുമായി അഭിഭാഷക രശ്മിത രാമചന്ദ്രൻ. സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റ് കേന്ദ്ര സർക്കാരിൽ നിന്നാണ് വരുന്നതെന്നുള്ള വാദമാണ് അഭിഭാഷക തന്റെ പരിഹാസ കുറിപ്പിന് വിഷയമാക്കുന്നത്. കിറ്റുകൾ നൽകുന്നത് കേന്ദ്ര സർക്കാർ ആണെന്നുള്ളത് വലതുപക്ഷാനുകൂലികളായ ആൾക്കാരിൽ നിന്നുമാണ് താൻ മനസിലാക്കിയതെന്ന് പറയുന്ന രശ്മിത, തുടർന്നും അത് ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി മോദിയോട് തന്റെ കുറിപ്പിലൂടെ അപേക്ഷിക്കുകയാണ്. താൻ പ്രധാനമന്ത്രിയുടെ ഒരു എളിയ ആരാധികയാണ് എന്ന് പരിഹസിച്ചുകൊണ്ടാണ് അഭിഭാഷക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ചുവടെ:
'പ്രിയപ്പെട്ട..... വളരെ പ്രിയപ്പെട്ട.... പോരാ എമ്പാടും കണ്ടമാനവും പ്രിയപ്പെട്ട പ്രധാനമന്ത്രി അറിയാൻ, അങ്ങയുടെ ഒരാരാധികയാണ് ഞാൻ, സ്ഥിരം അങ്ങയുടെ ഫാഷൻ ഷോ ഒക്കെ കാണാറുണ്ട് ( ലോക്ക് ഡൗൺ കാലത്ത് മയിലിൻ്റൊപ്പം പുസ്തകങ്ങൾ കമത്തിയിട്ടെടുത്ത ഫോട്ടോ കലക്കനായിരുന്നൂട്ടോ ). എപ്പഴും ഓർക്കും അങ്ങയെ പുകഴ്ത്തി എന്തേലും എഴുതണമെന്ന്! (അങ്ങായി സാഹചര്യം തരാത്തതു കൊണ്ട് ഒത്തില്ല). ഓ! ഇനി ഞാനാരാന്ന്! അങ്ങയുടെ മിത്രങ്ങളോട് ചോദിച്ചാലറിയാം ഞാനൊരു കേസില്ലാ വക്കീലാണ്, അത് കൊണ്ട് തന്നെ ഫീസും ഇല്ലാന്ന് അറിയാലോ! അതു കൊണ്ടൊക്കെത്തന്നെയാ അങ്ങ് ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള മട്ടു കണ്ടപ്പോത്തന്നെ അന്ന് കേരളത്തിലേക്കോടിപ്പോയത്. അവിടെ അന്നത്തിനൊന്നും മുട്ടൊണ്ടാകില്ലാന്ന് ചില കമ്മികൾ ഉറപ്പുപറഞ്ഞാരുന്നു. ചെന്നപ്പോ, ക്വാരൻ്റയിനൊക്കെ ആയിട്ടും ശറപറേന്ന് കിറ്റും മരുന്നുമൊക്കെ കിട്ടുകേം ചെയ്തു. സത്യത്തിൽ അതു കൊണ്ടുവന്നവരൊക്കെ പറയുന്നതു കേട്ട് അതൊക്കെ പിണറായീം ടീച്ചറുമൊക്കെ തരുന്നതാന്നും കരുതി. പിന്നെ, മ്മടെ മിത്രങ്ങൾ പറഞ്ഞാ അറിഞ്ഞത് ഇതൊക്കെ അങ്ങ് കൊടുത്തുവിട്ടിട്ട് പിണറായി വിതരണം ചെയ്യുന്നൂന്നേ ഒള്ളൂന്ന്! അപ്പ പറഞ്ഞു വന്ന കാര്യം.... ഇപ്പം ഞാൻ കേരളത്തിന് പുറത്താ. (വല്യ ജോലീം കുലീം ഇല്ലാത്തോണ്ട് രണ്ടൂന്ന് സംസ്ഥാനത്തായിട്ടാ ജീവിതം.) അങ്ങ് കേരളത്തിൽ കൊടുത്ത കിറ്റൊക്കെ പിണറായി തന്നു, എന്നാൽ മഹാരാഷ് ട്രേൽ കൊടുത്തത് ഉദ്ധവോ, ദില്ലീ കൊടുത്തത് കെജ്രിവാളോ ഇങ്ങ് തന്നിട്ടില്ല. ഇക്കാര്യത്തിൽ മ്മടെ യൂപീ ലെ യോഗിയും ഉപേക്ഷയാ, കിറ്റൊന്നും കൊടുത്തിട്ടില്ലാന്ന് നോയ്ഡയിൽ താമസിയ്ക്കുന്ന ചങ്ങാതി പറഞ്ഞു (അവിടെപ്പിന്നെ ചാണകവും ഗോമൂത്രവും വച്ചങ്ങ് അഡ്ജസ്റ്റ് ചെയ്യും മ്മടെ മിടുക്കര് മിത്രങ്ങള് )..... ആയതിനാൽ സർ..... മേലിലും കിറ്റ് പിണറായി വഴി തന്നെ എത്തിയ്ക്കാൻ കനിവുണ്ടാകണം (എൻ്റെ പൊന്നോ! മിത്രങ്ങടേയിലെങ്ങും കൊടുത്തു വിട്ടേക്കരുത്! സൈനികൻ്റെ ശവപ്പെട്ടീന്ന് കമ്മീഷനടിച്ച വകയാ) കിറ്റുകൾ തുടർന്നും പിണറായി വഴി എത്തിയ്ക്കുമെന്നും, കൊഞ്ചേശ്വരത്തപ്പൻ ഞങ്ങളെയെന്ന പോലെ അങ്ങയെയും തുണയ്ക്കുമെന്നും വിശ്വസിച്ചു കൊണ്ട്, അങ്ങയുടെ എളിയ ആരാധിക.'