
സർവ സുരക്ഷാ സന്നാഹങ്ങളുമുള്ള ലോകത്തേറ്റവും വലിയ ആഡംബര വസതികളിലൊന്ന്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളും താമസിക്കുന്ന ആന്റില എന്ന കൊട്ടാരം. ഒരീച്ചയ്ക്ക് പോലും അകത്തേക്ക് കടക്കാനാവാത്ത തരത്തിൽ പഴുതടച്ച സുരക്ഷയുള്ള ഈ വസതിക്ക് മുന്നിൽ കഴിഞ്ഞ ഫെബ്രുവരി 25നാണ് 20 ജലാറ്റിൻ സ്റ്റിക്കുകളുമായി ഉപേക്ഷിച്ച സ്കോർപിയോ എസ്.യു.വി കാർ കണ്ടെത്തിയത്. കൂടെ അംബാനിക്കുള്ള ഭീഷണിക്കത്തും ചില വാഹനങ്ങളുടെ വ്യാജ നമ്പർ പ്ളേറ്റുകളും. ഭീകരാക്രമണ പദ്ധതിയെന്നാണ് മുംബയ് പൊലീസും ക്രൈംബ്രാഞ്ചും ആദ്യം സംശയിച്ചത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ജയ്ഷ് ഉൽ ഹിന്ദ് ടെലഗ്രാം സന്ദേശം അയച്ചതോടെ അന്വേഷണം ആ വഴിക്കായി.
ടെലഗ്രാം ചാനൽ നിർമിച്ചിരിക്കുന്നത് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനെ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിലെ ബാരക്കിനുള്ളില്‍ വച്ചെന്ന് കണ്ടെത്തി. ബാരക്കിനു സമീപത്തുനിന്ന് ടെലഗ്രാം ചാനല്‍ ആരംഭിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
എന്നാൽ അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനായ മന്‍സുക് ഹിരേനെ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് അന്വേഷണത്തിൽ ട്വിസ്റ്റായി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും എന്‍ഐഎയും കേസന്വേഷണം ഏറ്റെടുത്തു.
തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു എന്ന ഹിരണിന്റെ ഭാര്യയുടെ ആരോപണത്തിൽ മുംബയ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ (49) എൻ.ഐ.എ ചോദ്യം ചെയ്തതോടെ അന്വേഷണത്തിന്റെ ഗതിമാറി. ഉദ്യോഗസ്ഥനെ മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇയാളെ എൻ.ഐ.ഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നിർണായക വിവരങ്ങളാണ് പിന്നീട് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രവും
അഞ്ചുലക്ഷം രൂപയും
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വാസെ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന മേഴ്സിഡസ് ബെൻസ് കാർ എൻ.ഐ.എ പിടിച്ചെടുത്തു. ഈ കാറിൽനിന്ന് അഞ്ചുലക്ഷം രൂപ, നോട്ടെണ്ണൽ യന്ത്രം, ബിയർ കുപ്പികൾ, എസ്.യു.വിയുടെ വ്യാജ നമ്പർപ്ലേറ്റ് തുടങ്ങിയവ കണ്ടെടുത്തു. മനീഷ ഭാവ്സർ എന്നയാളുടെ പേരിലാണ് ബെൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും വാസെ, കമ്മിഷണർ ഓഫീസിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നത് ഈ വാഹനത്തിലാണെന്ന് എൻ.ഐ.എ വ്യക്തമാക്കി.
കാറിൽനിന്ന് കണ്ടെടുത്ത വസ്ത്രങ്ങളിൽ ഒരു ഷർട്ടും മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ എസ്.യു.വി വാഹനം ഉപേക്ഷിച്ചയാൾ ഇതേ ഷർട്ടും പി.പി.ഇ കിറ്റും ധരിച്ചാണ് എത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. അതിനാൽ വാസെ തന്നെയാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തിന് ശേഷം പി.പി.ഇ കിറ്റ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചിട്ടുണ്ടാകുമെന്നും അന്വേഷണസംഘം കരുതുന്നു.
സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ അംബാനിയുടെ വസതിക്ക് മുന്നിലേക്ക് സഞ്ചരിക്കവെ, സച്ചിൻ തന്റെ ഔദ്യോഗിക വാഹനമായ ഇന്നോവയിൽ അകമ്പടി സേവിച്ചതായി എൻ.ഐ.എ ആരോപിച്ചു. ഫെബ്രുവരി 25ന് സ്ഫോടകവസ്തുക്കൾ നിറച്ച കാർ എവിടെ പാർക്ക് ചെയ്യണമെന്ന് കാട്ടിക്കൊടുത്തതും വാസെയാണെന്ന് സംഘം വ്യക്തമാക്കി.
വാസേയും ഹിരേനും കൂടിക്കാഴ്ച നടത്തി
സച്ചിൻ വാസെ, സ്‌കോർപിയോയുടെ ഉടമയായ മൻസൂഖ് ഹിരേനുമായി ഫെബ്രുവരി 17ന് പത്തുമിനിട്ടോളം കൂടിക്കാഴ്ച നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. അന്നേദിവസം സ്‌കോർപിയോ മോഷണം പോയെന്നാണ് ഹിരേൻ മൊഴി നല്കിയിരുന്നത്. ഒരാഴ്ചയ്ക്ക് ശേഷം ഈ വാഹനം സ്‌ഫോടക വസ്തുക്കൾ സഹിതം അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 17ന് വാസേയും ഹിരേനും കാറിനുള്ളിൽ വച്ച് 10 മിനിട്ടോളം സംസാരിച്ചു.ഫെബ്രുവരി 17 ന് തന്റെ വാഹനം സെൻട്രൽ മുംബയിലെ വിക്രോലി ഭാഗത്ത് ഹൈവേക്ക് സമീപം നിറുത്തിയിട്ടിരിക്കുകയായിരുന്നവെന്നും പിന്നീട് ഇത് മോഷണം പോയതായും ഹിരേൻ കൊല്ലപ്പെടുന്നതിന് മുമ്പ് മൊഴി നൽകിയിരുന്നു.
ഹിരേനിന്റെ ഈ മൊഴി നേരത്തെ ക്രൈം ബ്രാഞ്ച് ചുമതലയുണ്ടായിരുന്ന വാസെ തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ ദിവസം തന്നെ ഹിരേനുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വാസെ എവിടെയും സൂചിപ്പിച്ചിട്ടില്ല എന്നതാണ് ദുരൂഹമാകുന്നത്.
ആരാണ് സച്ചിൻ വാസെ?
കുശാഗ്രബുദ്ധിയുള്ള കുറ്റാന്വേഷകൻ, ഏറ്റുമുട്ടൽ വിദഗ്ദൻ, സൈബർ വിഷയങ്ങളിൽ ജ്ഞാനി, എഴുത്തുകാരൻ അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും വിവാദങ്ങളുടെ തോഴനാണ് മുംബയ് പൊലീസിലെ അസി. ഇൻസ്‌പെക്ടർ സച്ചിൻ ഹിന്ദുറാവു വാസെ. 16 വർഷത്തെ സസ്‌പെൻഷന് ശേഷം ജോലിയിൽ തിരിച്ചെത്തി ഒമ്പത് മാസം തികയും മുമ്പാണ് അംബാനിക്കേസിൽ വാസെ അറസ്റ്റിലാകുന്നത്. 2002 ലെ ഘാട്കൂപ്പർ സ്‌ഫോടന കേസിൽ അറസ്റ്റിലായ സോഫ്റ്റ്‌വെയർ എൻജിനീയർ ഖ്വാജ യൂനുസിന്റെ കസ്റ്റഡി മരണത്തിൽ 2004 ലാണ് സച്ചിൻ വാസെ ആദ്യം അറസ്റ്റിലായത്.
1990ൽ നക്സൽ കേന്ദ്രമെന്ന് വിളിക്കപ്പെട്ട ഗഡ്ചിറോളിയിലാണ് സബ് ഇൻസ്‌പെക്ടറായി സച്ചിൻ വാസെയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. രണ്ടുവർഷത്തിന് ശേഷം താനെയിലെത്തി. അവിടെ വച്ചാണ് മികച്ച കുറ്റാന്വേഷകനായി പേരെടുക്കുന്നത്. അതോടെ, താനെ ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യൽ സ്‌ക്വാഡിൽ ഇടം നേടി. 300 ലേറെ പേരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പ്രതീപ് ശർമയുടെ ആന്റി എക്സ്‌റ്റോർഷൻ സെല്ലിൽ അദ്ദേഹത്തിന്റെ അരുമ ശിഷ്യനായി മാറി. ഛോട്ടാ രാജൻ സംഘത്തിലെ പ്രധാനി മുന്ന നേപ്പാളി അടക്കം 63 കുറ്റവാളികളെയാണ് സച്ചിൻ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. സച്ചിന്റെ ഏറ്റുമുട്ടൽ കൊലപാതക കാലം 'രെഗെ' എന്ന പേരിൽ മറാത്തി ചിത്രമായി.
മുംബയ് ക്രൈംബ്രാഞ്ചിന്റെ പവായ് യൂണിറ്റിൽ എത്തിയ ശേഷം 2003 ലാണ് സച്ചിൻ വാസെയുടെ കസ്റ്റഡിയിൽ വെച്ച് ഖ്വാജ യൂനുസ് മരിക്കുന്നത്. നഗ്നനാക്കി യൂനുസിനെ മർദ്ദിക്കുന്നതും രക്തം വാർന്ന് അവശനാകുന്നതും സഹ പ്രതി ഡോ. അൽ മതീൻ കണ്ടിരുന്നു. മതീൻ യൂനുസിന്റെ നില ഗുരുതരമാണെന്ന് പൊലിസിനോട് പറയുകയും ചെയ്തു. എന്നാൽ, പിന്നീട് യൂനുസിനെ കാണാതായി. തെളിവെടുപ്പിന് ഔറംഗാബാദിലേക്ക് പോകും വഴി വാഹനാപകടമുണ്ടായി യൂനുസ് രക്ഷപ്പെട്ടെന്നാണ് പിന്നീട് കേട്ടത്. ഔറംഗാബാദിലേക്ക് കൊണ്ടുപോയ സംഘത്തിൽ സച്ചിനുമുണ്ടായിരുന്നു. എന്നാൽ, കസ്റ്റഡിയിൽ താൻ കണ്ടത് ഡോ. അൽ മതീൻ കോടതിയിൽ പറയുകയും യൂനുസിന്റെ മാതാവ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തതോടെ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടു. സച്ചിനടക്കം നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തു. 2004ൽ സച്ചിൻ സസ്‌പെൻഷനിലായി. കേസിൽ വിചാരണ പൂർത്തിയായിട്ടില്ല.
2007ൽ സച്ചിൻ രാജി കത്ത് നൽകിയെങ്കിലും സ്വീകരിച്ചിരുന്നില്ല. 2008 ൽ ശിവസേനയിൽ ചേർന്ന സച്ചിൻ കുറഞ്ഞ കാലം പാർട്ടിയിൽ പ്രവർത്തിച്ചു. ശേഷം പുസ്തകമെഴുത്ത്, സോഫ്റ്റ്‌വെയർ വികസിപ്പിക്കൽ, പുസ്തകങ്ങൾക്കും സിനിമകൾക്കും ഗവേഷണ സഹായങ്ങൾ നൽകൽ തുടങ്ങിയ ജോലികളിലേർപ്പെട്ടു. ശിവസേന അധികാരത്തിൽ വന്നതോടെയാണ് കഴിഞ്ഞ ജൂണിൽ സച്ചിനെ സർവീസിൽ തിരിച്ചെടുത്തത്. നേരെ ക്രൈം ഇന്റലിജൻസ് യൂണിറ്റിലായിരുന്നു നിയമനം.
അർണബ് ഗോസ്വാമിക്ക് എതിരായ അൻവെ നായിക് ആത്മഹത്യ , ടി.ആർ.പി തട്ടിപ്പ് എന്നീ കേസുകളിൽ സച്ചിൻ വാസെയുടെ അന്വേഷണം അർണബിനെയും ബി.ജെ.പിയെയും ചൊടിപ്പിച്ചു. അൻവെ നായിക് കേസിൽ അർണബിനെ അറസ്റ്റ് ചെയ്ത സംഘത്തെ നയിച്ചത് സച്ചിനായിരുന്നു. ടി.ആർ.പി തട്ടിപ്പ് കേസിൽ കേന്ദ്ര സർക്കാരിനെയാകെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകളാണ് സച്ചിൻ കണ്ടെത്തിയത്.