
കഠിനമായ വേനൽച്ചൂട് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുത്തും. വളരെയധികം അപകടസാദ്ധ്യതയുള്ളതിനാൽ നിർജലീകരണമുണ്ടാകുന്നത് സൂക്ഷിക്കണം. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കുകയും പച്ചക്കറികളും പഴങ്ങളും നിത്യഭക്ഷണത്തിൽ ഉൾപെടുത്തുകയും ചെയ്യുക.
വേനൽക്കാലത്ത് വിപണിയിൽ ധാരാളം ലഭിക്കുന്ന തണ്ണിമത്തനാണ് പഴങ്ങളിൽ കഴിക്കാൻ ഉത്തമം. തണ്ണിമത്തൻ ജ്യൂസിൽ നാരങ്ങാനീരൊഴിച്ച് കുടിക്കുന്നത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കും. മികച്ചൊരു ദാഹശമിനിയായ തണ്ണിമത്തന് ഒട്ടനവധി ആരോഗ്യ ഗുണങ്ങളുണ്ട്.
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിൻ എ, ഡി എന്നിവയുടെയും കലവറയാണ് തണ്ണിമത്തൻ. ഹൃദയം, കിഡ്‌നി, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും തണ്ണിമത്തൻ നല്ലതാണ്. രക്തധമനികളിലെ തടസം അകറ്റി രക്തസമ്മർദ്ദത്തെ പ്രതിരോധിക്കുന്നു. മാനസികസമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവ അകറ്റാനും തണ്ണിമത്തൻ മികച്ച ഫലവർഗമാണ്.