
പനാജി: പ്രൊഫഷണൽ ബോക്സിംഗിൽ ഇന്ത്യൻ സൂപ്പർ താരം വിജേന്ദർ സിംഗിന് ആദ്യമായി അടിതെറ്റി. ഗോവയിലെ മാണ്ഡവി തീരത്ത് മജിസ്റ്റിക് പ്രൈഡ് എന്ന ആഡംബരക്കപ്പലിന്റെ മുകൾ തട്ടിൽ ഇന്നലെ രാത്രി നടന്ന ബാറ്റിൽ ഓൺ ഷിപ്പ് പോരാട്ടത്തിൽ റഷ്യൻ താരം ആർതിഷ് ലോപ്സാനാണ് വിജേന്ദറിന്റെ പന്ത്രണ്ട് മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് തടയിട്ടത്.
എട്ടു റൗണ്ടുള്ള മത്സരത്തിൽ അഞ്ചാംറൗണ്ടിൽ ടെക്നിക്കൽ നോക്കൗട്ടിലൂടെ റഫറി ലോപ്സനെ വിജയയിയായി പ്രഖ്യാപിക്കുകയായിരുന്നു. 7 മത്സരങ്ങളിൽ ലോപ്സന്റെ അഞ്ചാമത്തെ വിജയമാണിത്. തന്നെക്കാൾ ഉയരം കൂടിയ എതിരാളിയുടെ പഞ്ചുകൾ കൃത്യമായി തടുക്കാനാകാതെ അഞ്ചാം റൗണ്ടിനിടെ വിജേന്ദർ തളർന്നുപോവുകയായിരുന്നു. പ്രൊഫഷണൽ ബോക്സിംഗിൽ വിജേന്ദറിന്റെ ആദ്യ തോൽവിയാണിത്.