mullappally

കണ്ണൂർ: നേതാക്കളെ റാഞ്ചാൻ ബി ജെ പിക്ക് പ്രത്യേക സംഘമുണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോടികൾ വാഗ്ദ്ധാനം ചെയ്യുന്നുണ്ടെന്നും,വ്യക്തിത്വമുള്ള കോൺഗ്രസുകാർ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ചാക്കിട്ട് പിടുത്തത്തില്‍ പരിചയമുള്ള കര്‍ണാടക നേതാക്കളാണ് സംഘത്തിലുള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ധർമ്മടത്ത് കരുത്തനായ സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ അമ്മയെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നു. തടസം നിന്നത് പ്രാദേശിക കോൺഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു ഡി എഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ന്യായ് പദ്ധതിയും ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മാണവും ഉള്‍പ്പടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദ്ധാനങ്ങള്‍ പട്ടികയിലുണ്ടാകും.