
കോഴിക്കോട്: ഏലത്തൂർ സീറ്റിൽ സ്ഥാനാർത്ഥി നിർണയത്തിൽ സമവായ ചർച്ചയ്‌ക്ക് ചേർന്ന യോഗത്തിൽ കയ്യാങ്കളി. സീറ്റ് എൻസികെയ്ക്ക് നൽകുന്നതിനെ ചൊല്ലിയാണ് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ ബഹളമുണ്ടാക്കിയത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്, ഡിസിസി അംഗങ്ങൾ നിലവിലെ യുഡിഎഫ് നിശ്ചയിച്ച സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി, വിമത സ്ഥാനാർത്ഥിയായ കെപിസിസി അംഗം ദിനേശ് മണി ഉൾപ്പടെയുളളവർ സ്ഥലത്തുണ്ടായിരുന്നു. യോഗം ആരംഭിക്കാനിരിക്കെയാണ് ബഹളമുണ്ടായത്.
വിവിധ മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ കയ്യാങ്കളിയുമുണ്ടായി. എൻസികെ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് ബഹളം വച്ച പ്രവർത്തകർ പ്രഖ്യാപിച്ചു. ബഹളത്തിന് ശേഷം യോഗം ഇപ്പോൾ പുരോഗമിക്കുകയാണ്.ബഹളം വച്ച പ്രവർത്തകർ കെ.വി തോമസിനെയും വിമർശിച്ചു. യോഗത്തിൽ പങ്കെടുക്കാനെത്തിയ കോഴിക്കോട് എം.പി എം.കെ രാഘവൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സുൽഫീക്കർ മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ ദിനേശ് മണിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുമോയെന്ന ചോദ്യത്തിന് എം.കെ രാഘവൻ പ്രതികരിച്ചില്ല.