
തൃശ്ശൂർ: ബി.ജെ.പി നാട്ടിൽ പ്രകോപനം സൃഷ്‌ടിച്ച് സമാധാനാന്തരീക്ഷം തർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്രയിലെ രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്‌പതി പുഷ്പാർച്ചന നടത്തിയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പുന്നപ്ര രക്തസാക്ഷിമണ്ഡപം കമ്മ്യൂണിസ്റ്റുക്കാർക്ക് പ്രത്യേക വികാരമുള്ള സ്ഥലമാണ്. അവിടെയാണ് ബി.ജെ.പി സ്ഥാനാർത്ഥി അതിക്രമിച്ചു കയറി രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പ്രവൃത്തി നടത്തിയത്. ഇത് പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു. എന്നാൽ ജനങ്ങൾ സംയമനം പാലിച്ചത് കൊണ്ട് ക്രമാസമാധാന പ്രശ്‌നമുണ്ടായില്ല. ഈ സംഭവം സമാധാന പ്രശ്നങ്ങൾ തകർക്കാൻ ഇനിയും ശ്രമം നടക്കുമെന്നതിന് സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല പ്രശ്നത്തിൽ എൻഎസ്എസിനെതിരെ തുറന്നടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിന്തുണച്ചു. പ്രകോപനപരമായി കാനം രാജേന്ദ്രൻ ഒന്നും പറഞ്ഞിട്ടില്ല. കേസ് നടത്തി തോറ്റപ്പോൾ എൻ.എസ്.എസ് ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനം പറഞ്ഞത്.
കേരളത്തിൽ കൊവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ എല്ലാവർക്കും എത്രയും വേഗം വാക്‌സിൻ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൊവിഡ് മരണ നിരക്ക് കുറച്ചുകൊണ്ടു വരാൻ കേരളത്തിന് സാധിച്ചു ജാഗ്രത കൈവിടാൻ പാടില്ല. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകത്തിന്റെ നടപടി അവിടത്തെ കൊവിഡ് വ്യാപനത്തിന്റെ പരിഭ്രാന്തിയിലുണ്ടായതാണ്. അതേസമയം കേന്ദ്ര നിർദ്ദേശം കർണാടകം പാലിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കും. ഇത് കഴിഞ്ഞ തവണയും തെളിച്ചതാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞ 600 യിൽ 580 കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ടും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ജനങ്ങളെ ഇക്കാര്യത്തിൽ കബളിപ്പിക്കില്ലെന്ന് ഇതിനോടകം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം അഭിമുഖികരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഉൾക്കൊള്ളിക്കാൻ പ്രകടന പത്രികയ്‌ക്ക് സാധിച്ചിട്ടുണ്ട്. 40 ലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന എൽ.ഡി.എഫിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആ പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്. നിയമനങ്ങൾ പി.എസ്.സി വഴിയായിരിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തും. 41 ലക്ഷം കുടുംബങ്ങളുടെ പരമദരിദ്രാവസ്ഥ പരിഹരിക്കാൻ പ്രത്യേക പദ്ധതിയ്ക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.