oommen-chandy

കോട്ടയം: ഉറങ്ങണമെന്നില്ല, ഉണ്ണണമെന്നും. ചുക്കിച്ചുളിഞ്ഞ ഖദറും പാറിപ്പറക്കുന്ന തലമുടിയും പഴകിത്തേഞ്ഞ ചെരുപ്പും. ഇതൊക്കെയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശേഷങ്ങൾ. ആൾക്കൂട്ടമാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്റെഎനർജിയുടെ രഹസ്യം.ആൾക്കൂട്ടമില്ലെങ്കിൽ കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയാണ് കൂഞ്ഞൂഞ്ഞെന്ന് പുതുപ്പള്ളിക്കാർ പറയും.

തിരഞ്ഞെടുപ്പ് പ്രചരണവും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കുമിടയിൽ ഉമ്മൻചാണ്ടി സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. രാത്രി ഏറെ വൈകിയാണ് ഉറക്കം. എന്നാലും അഞ്ചുമണിയോടെ ഉണരും. യോഗയില്ല, നടത്തമില്ല. മറ്റ് വ്യായാമങ്ങളൊന്നുമില്ല. പക്ഷേ, എല്ലാ പത്രങ്ങളും രാവിലെ തന്നെ വായിക്കണമെന്നതിൽ നിർബന്ധമുണ്ട്. ആഹാരം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ചിലപ്പോൾ കഴിച്ചെന്ന് വരുത്തും. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കും. അതാണ് ആമാശയത്തിന്റെ കരച്ചിലിനുള്ള ഏക പരിഹാരം.

സംസാരിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് ഡോക്ടർമാരുടെ കർശന നിർദ്ദേശമുണ്ടെങ്കിലും ഒന്നും പാലിക്കാറുമില്ല. ഉറക്കം പലപ്പോഴും യാത്രയ്ക്കിടയിലാണ്. കാറിൽ കയറിയാൽ കണ്ണടച്ചിരുന്ന് ഉറങ്ങും. ഒരു യോഗസ്ഥലം മുതൽ അടുത്ത യോഗ സ്ഥലം വരെയേ ഈ ഉറക്കത്തിന് ആയുസുള്ളൂ. ഇതിനിടെയിൽ നൂറു പേർ വിളിക്കും.

പ്രായത്തിന്റെ അവശതകളുള്ളതിനാൽ വിളിച്ചുണർത്തി ഫോൺ നൽകാൻ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് മടിയാണ്. പക്ഷേ,ആൾക്കൂട്ടം കണ്ടാൽ ക്ഷീണമെല്ലാം പമ്പകടക്കും.വെയിലായാലും മഴയായാലും ആൾക്കൂട്ടത്തിനിടയിലേയ്ക്കിറങ്ങിയാൽ അങ്ങനെ നിന്നോളും. ഒരു കുലുക്കവുമില്ലാതെ.