
പാലക്കാട്: രാവിലെ നാലരയ്ക്ക് മെട്രോമാൻ ഇ ശ്രീധരൻ ഉണരും. ഉന്മേഷം പകരാനൊരു കട്ടൻ നിർബന്ധം, അല്പം തേയിലയും കാപ്പിപ്പൊടിയും ചേർത്തുളള സ്പെഷ്യൽ കട്ടനാണ്. അഞ്ചരവരെ ഭാഗവത പാരായണം. അതുകഴിഞ്ഞാൽ ആറേകാൽ വരെ യോഗ. പ്രാണായാമമാണ് പ്രധാനം. ശേഷം പത്രവായന. ഏഴരയോടെ പ്രഭാത ഭക്ഷണം കഴിച്ച് പ്രചാരണ പരിപാടികൾക്ക് പോകാനുളള തയ്യാറെടുപ്പുകൾ ആരംഭിക്കും. ഇഡ്ഡലിയോ ദോശയോ ആണ് ഭക്ഷണം.
അതും രണ്ടോ മൂന്നോമാത്രം. പൊതുവേദികളിൽ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്താനൊന്നും താത്പര്യമില്ലാത്തതിനാൽ വലിയ തയാറെടുപ്പുകൾ ആവശ്യമില്ല. എട്ടോടെ ജില്ലാ നേതാക്കളും പ്രവർത്തകരുമെത്തിയാൽ പ്രചാരണ പരിപാടികളിലേക്ക് മെട്രോ വേഗത്തിൽ കുതിക്കും.
രാവിലെ 11ന് മുന്നേ ആദ്യറൗണ്ട് പൂർത്തിയാക്കും.ഇടവേളകളിൽ പുറത്തുനിന്നുള്ള ഭക്ഷണമില്ല, ചൂടിനെ പ്രതിരോധിക്കാൻ സംഭാരം കുടിയ്ക്കും. ഉച്ചയ്ക്ക് വിശ്രമം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ വീട്ടിൽ. ശേഷം നാലോടെ വീണ്ടും പ്രചാരണം.വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനൊപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോം ക്രിയാത്മകമായും ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ട്.ഇതിനായി നാലംഗ സംഘം കൂടെയുണ്ട്. രാത്രി ഒമ്പതോടെ പ്രചാരണം അവസാനിപ്പിച്ച് രാത്രി ഭക്ഷണവും കഴിച്ച് ഉറക്കാൻ കിടക്കും.