
വിചിത്രമായ ഒട്ടനേകം നിർമ്മിതികൾ നാം സമൂഹമാദ്ധ്യമങ്ങളിലൂടെ ദിവസവും കാണാറുണ്ട്. അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായൊരു വീടാണ് ഷൂ വീട്.
പെൻസിൽവേനിയയിലെ ഹെല്ലം ടൗൺഷിപ്പിലുള്ള ലിങ്കൺ ഹൈവേയിലാണ് സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന, 'ഹെയ്ൻസ് ഷൂ ഹൗസ്' എന്നഷൂവിന്റെ ആകൃതിയിലുള്ള വീട്. 1948ൽ ഷൂ വിൽപ്പനക്കാരനായിരുന്ന മഹ്‌ലോൺ ഹെയ്ൻസ് ആണ് ഈ വീട് നിർമ്മിച്ചത്. തന്റെ ഷൂ ബിസിനസിന് ഒരു പരസ്യമായിക്കോട്ടെ എന്ന ചിന്തയിലാണ് ഹെയ്ൻസ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആർക്കിടെക്ടിനു തന്റെ ഒരു ഷൂ നൽകിയ ശേഷം 'ഇതുപോലൊരു വീട് വേണം' എന്ന് ഹെയ്ൻസ് ആവശ്യപ്പെടുകയായിരുന്നു. കന്നുകാലികളെ വളർത്തിയാണ് ഷൂ ബിസിനസിനുള്ള തുക കണ്ടെത്തിയത്.
ഇന്ന് ഹെയ്ൻസ് ഷൂ ഹൗസ് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വേനൽക്കാലത്താണ് ഇവിടെ സഞ്ചാരികൾ കൂടുതലായി എത്തുന്നത്. വീട് നിർമ്മിച്ച് ഏകദേശം 20 വർഷത്തിനുശേഷം, ഇവിടത്തെ കാർപോർച്ച് ഐസ്‌ക്രീം പാർലറായി മാറ്റി. ഈ പാർലർ ഇന്നും ഇവിടെയുണ്ട്. പ്രാദേശിക രുചിഭേദങ്ങളിലുള്ള ഐസ്‌ക്രീമിന്റെ മാധുര്യം നുണയാൻ നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്.
ഏകദേശം 7.6 മീറ്റർ ഉയരവും അഞ്ച് നിലകളുമുണ്ട് ഈ വീടിന്. ഷൂ വീടിന്റെ വിരലുകളുടെ ഭാഗത്താണ് സ്വീകരണമുറി ഒരുക്കിയിട്ടുള്ളത്. ഉപ്പൂറ്റിയുടെ ഭാഗത്താണ് അടുക്കള. കണങ്കാൽ ഭാഗത്ത് രണ്ട് ബെഡ്റൂമുകളുമുണ്ട്. ഒരു ജോടി ഷൂസുമായി നിൽക്കുന്ന ഹെയ്ൻസിന്റെ ചിത്രമുള്ള ഗ്ലാസ് പാനലും ഇവിടെയുണ്ട്. അതിനു താഴെ 'ഹെയ്ൻസ് ദ ഷൂ വിസാർഡ്' എന്ന് എഴുതിയിട്ടുണ്ട്. 1960കളിൽ വീടിന്റെ ഭാഗമായി ഫയർ എസ്‌കേപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
വീട് നിർമ്മിച്ചതല്ലാതെ ഹെയ്ൻസ് ഒരിക്കലും അവിടെ താമസിച്ചിട്ടില്ല. വാർദ്ധക്യത്തിൽ അതിനരികെ മറ്റൊരു വീട് കൂടി അദ്ദേഹം നിർമ്മിച്ചു. ഇടയ്ക്ക്, പ്രായമായ ദമ്പതികൾക്കുള്ള വാരാന്ത്യ അവധിക്കാല കേന്ദ്രമായും ഇവിടം പ്രവർത്തിച്ചിരുന്നു. 1950കളുടെ മദ്ധ്യത്തിൽ ഈ വീട് വാടകയ്ക്ക് നൽകിയിരുന്നു.
1962ൽ ഹെയ്ൻസിന്റെ മരണശേഷം വീട് അദ്ദേഹത്തിന്റെ ജീവനക്കാർക്കു നൽകി. ശേഷം 1987ൽ ഹെയ്ൻസിന്റെ ചെറുമകൾ ആനി ഹെയ്ൻസ് കെല്ലർ ഈ വീട് വാങ്ങി പുതുക്കിപ്പണിതു. ക്രമേണ ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു.