bjp

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ മുന്നണികൾ തമ്മിൽ വീറും വാശിയുമേറിയ പോരാട്ടം നടക്കവെ രാജ്യത്തെ ദേശീയ പാർട്ടികളുടെ ആസ്‌തി വിവര കണക്കുകൾ പുറത്ത്. ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ആസ്‌തിയുളളത് ബി ജെ പിയ്‌ക്കാണ്. 2904.18 കോടി രൂപയാണ് പാ‍ർട്ടിയുടെ ആസ്‌തി. രണ്ടാം സ്ഥാനത്തുളള കോൺഗ്രസിന്റെ ആസ്‌തി 928.84 കോടി രൂപ. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുളള ബി എസ് പിയാണുളളത്.

2018–19 കാലത്ത് പാർട്ടികൾ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരമുളളളതാണ് പഠനം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് പഠനം നടത്തിയത്. 510.71 കോടിയാണ് സി പി എമ്മിന്റെ ആസ്‌തി. തൃണമൂൽ കോൺഗ്രസിന് 210.19 കോടി. എൻ സി പിക്ക് 32.01 കോടിയുടെയും സി പി ഐക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്.

പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ 572.21 കോടി രൂപയുടെ ആസ്തികളുള്ള സമാജ്‌വാദി പാർട്ടിയാണ്. ബിജു ജനതാദൾ (232.27 കോടി), എ ഐ എ ഡി എം കെ (206.75 കോടി) എന്നീ പാർട്ടികൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്.