
എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ വിജയം നേടാൻ കഴിയുന്നില്ല എന്നു പരിതപിക്കുന്നവരാണ് ഏറെയും. നിങ്ങൾ നൂറുപേരോട് ജീവിതത്തിന്റെ ലക്ഷ്യമെന്തെന്നു ചോദിച്ചു നോക്കൂ. തൊണ്ണൂറുപേരും അറിയില്ലെന്ന ഉത്തരമായിരിക്കും പറയുക. അല്ലെങ്കിൽ വ്യക്തതയില്ലാത്ത ഒരുത്തരം നൽകിയേക്കാം.
'' എനിക്ക് ജീവിതത്തിൽ വിജയിക്കണമെന്നതാണ് ലക്ഷ്യം.""
ചിലരുടെ ഉത്തരം ഇതായിരിക്കാം.
''നല്ലൊരു ജീവിതമാണ് എന്റെ ആഗ്രഹം.""
മറ്റൊരാൾ പറഞ്ഞേക്കാം.
''എനിക്ക് ജീവിതത്തിൽ സന്തോഷം കിട്ടണം.""
മൂന്നാമതൊരാളുടെ അഭിപ്രായം ഇതായിരിക്കും.
''പണക്കാരനാവണം എന്നതാണ് എന്റെ ലക്ഷ്യം.""
മറ്റൊരാൾ ഇങ്ങനെ പറഞ്ഞേക്കാം.
ഈ പറഞ്ഞ ഉത്തരങ്ങളിലൊന്നും ഒരു കൃത്യത ഇല്ല. വളരെ അവ്യക്തമായി ചില ആഗ്രഹങ്ങൾ പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. ഇത്തരം ആഗ്രഹങ്ങളല്ല ജീവിതലക്ഷ്യങ്ങളായി കണക്കാക്കേണ്ടത്. വളരെ കൃത്യമായും സൂക്ഷ്മമായും സുചിന്തിതമായും രൂപകല്പന ചെയ്യേണ്ട ഒന്നാണ് ജീവിതലക്ഷ്യമെന്നത്. ലക്ഷ്യം സാക്ഷാത്ക്കരിക്കാതെ പോകുന്നതിനുള്ള പ്രധാന കാരണം ലക്ഷ്യത്തിന് സൂക്ഷ്മതയും വ്യക്തതയും ഇല്ലാത്തതാണ്.
ഉദാഹരണത്തിന് പണക്കാരനാകണം എന്ന ഒരാളുടെ ആഗ്രഹം നമ്മൾ കണ്ടു. എത്ര പണമാണ് വേണ്ടത്? എത്രകാലത്തിനുള്ളിലാണ് ആ പണം ഉണ്ടാക്കേണ്ടത്? അതിനുള്ള മാർഗമെന്താണ്? ആ പണം കൊണ്ട് എന്തെല്ലാം കാര്യങ്ങൾ ആണ് ചെയ്യുന്നത്? ഇങ്ങനെ നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ മാത്രമേ അതീവകൃത്യതയുള്ള ഒരു ജീവിതലക്ഷ്യം രൂപപ്പെടുകയുള്ളൂ. ലക്ഷ്യം ഒരിക്കൽ ബോദ്ധ്യപ്പെട്ടുകഴിഞ്ഞാൽ ലക്ഷ്യത്തിലെത്താനുള്ള മാർഗങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവണം. പിന്നെ ദൃഢനിശ്ചയവും വിശ്വാസവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ തീർച്ചയായും ലക്ഷ്യത്തിലെത്തും.
അപ്പോൾ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്. ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാനും അത് പ്രായോഗികമായി രൂപകല്പന ചെയ്യാനും മാനേജ്മെന്റ് വിദഗ്ദ്ധർ ആവിഷ്ക്കരിച്ചിട്ടുള്ള ഒരു സങ്കേതമുണ്ട് അത് 'സ്മാർട്ട്" എന്നാണ് അറിയപ്പെടുന്നത്. SMART എന്ന വാക്കിലെ ഓരോ അക്ഷരങ്ങളും ഓരോ പ്രത്യേക കാര്യത്തെ സൂചിപ്പിക്കുന്നതാണ്. S എന്നത് സ്പെസിഫിക് എന്ന വാക്കിന്റെ ആദ്യാക്ഷരമാണ്. M എന്നത് മെഷറബിൾ എന്നാണ് സൂചിപ്പിക്കുന്നത്. A എന്നാൽ അച്ചീവബിൾ. R എന്നതുകൊണ്ട് റിയലിസ്റ്റിക് എന്നാണ് മനസിലാക്കേണ്ടത്. T എന്നാൽ time bourd എന്നർത്ഥം.
അതായത് കൃത്യതയുള്ളതും അളക്കാവുന്നതും നേടിയെടുക്കാൻ കഴിയുന്നതും യാഥാർത്ഥ്യബോധമുള്ളതും സമയബന്ധിതമായതുമായിരിക്കണം ലക്ഷ്യം എന്നാണ് ഈ SMART പ്രയോഗം കൊണ്ട് മനസിലാക്കേണ്ടത്.
സ്പെസിഫിക് അഥവാ കൃത്യതയുള്ളതായിരിക്കണം ലക്ഷ്യം എന്നുള്ളതിന് ഒരു ഉദാഹരണം പറയാം. എനിക്ക് ശരീരഭാരം കുറയ്ക്കണം എന്നതായിരിക്കാം ഒരാളുടെ ലക്ഷ്യം. അത് കൃത്യതയുള്ള ഒരു ലക്ഷ്യമല്ല. എന്നാൽ എനിക്ക് 90 ദിവസം കൊണ്ട് അഞ്ച് കിലോഗ്രാം കുറയ്ക്കണമെന്ന് പറയുമ്പോൾ അതിൽ ഒരു കൃത്യതയും സൂക്ഷ്മതയുമുണ്ട്. മെഷറബിൾ എന്ന പ്രയോഗത്തിനും ഇവിടെ അർത്ഥം കൈവരുന്നു.
അച്ചീവബിൾ അഥവാ നേടാൻ കഴിയുന്നതായിരിക്കണം ലക്ഷ്യം. വ്യക്തിയുടെ കഴിവുകളും സാഹചര്യങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ കണക്കിലെടുത്ത് വേണം സ്വപ്നം കാണാനും ആ സ്വപ്നം ലക്ഷ്യമായി ഉരുത്തിരിഞ്ഞുവരാനും. കൈയെത്താദൂരത്തുള്ളത് നമുക്ക് ലക്ഷ്യമാക്കാം. എന്നാൽ കണ്ണെത്താദൂരത്തുള്ളതും കാണാൻ കഴിയാത്തതുമായ ഒരു ലക്ഷ്യം എങ്ങനെയാണ് സാക്ഷാത്ക്കരിക്കാൻ പറ്റുക. അത് സാധിച്ചില്ലെങ്കിൽ ഹൃദയം തകർന്നുപോകും. അതുകൊണ്ട് നമുക്ക് നേടാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ലക്ഷ്യമാക്കുക.
ലക്ഷ്യം എപ്പോഴും യാഥാർത്ഥ്യബോധത്തോടെ വേണം രൂപകല്പന ചെയ്യേണ്ടത്. ഭൗതികസാഹചര്യങ്ങളും കഴിവുകളും പരിമിതികളുമൊക്കെ ശാസ്ത്രീയമായ അവബോധത്തോടെ വിലയിരുത്തി ലക്ഷ്യം നിർണയിക്കുക. വെറും സങ്കല്പമായിരിക്കരുത് ജീവിതലക്ഷ്യം എന്നർത്ഥം.
സമയബന്ധിതമല്ലാത്ത ലക്ഷ്യം കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ്. അത് ലക്ഷ്യമില്ലാതെ പൊയ്ക്കൊണ്ടിരിക്കും. ഒരു തുടക്കവും ഒടുക്കവും എല്ലാ ലക്ഷ്യങ്ങൾക്കും ആവശ്യമാണ്. ഉദാഹരണത്തിന് എം.ബി.എ ഡിഗ്രി കരസ്ഥമാക്കണമെന്നല്ല സ്വപ്നം കാണേണ്ടത്. 2021നും 2023നും ഇടയ്ക്ക് MBA നേടും എന്നാണ് ലക്ഷ്യമിടേണ്ടത്.
അപ്പോൾ ലക്ഷ്യം നേടാൻ SMART ആ പണം എന്നർത്ഥം. അതാണ് ശാസ്ത്രീയമായ സമീപനം. എല്ലാവരുടെയും ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ 'സ്മാർട്ട്" പദ്ധതി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. വിജയം ഉറപ്പ്.