dk-murali

ചെങ്കോട്ടയെന്ന വിശേഷണമുള്ള മണ്ഡലമാണ് തലസ്ഥാന ജില്ലയിലെ വാമനപുരം. 1965ൽ മണ്ഡല രൂപീകരണത്തിനുശേഷം രണ്ടുതവണ മാത്രമാണ് വാമനപുരം ഇടതിനെ കൈവിട്ടത്. 1977ൽ എൻ വാസുദേവൻ പിള്ളയിലൂടെ തുടങ്ങിയ ഇടത് തേരോട്ടം ഡി കെ മുരളിയിൽ എത്തി നിൽക്കുകയാണിപ്പോൾ. ഡി കെ മുരളി തന്നെയാണ് ഇത്തവണയും എൽ ഡി എഫ് സ്ഥാനാർത്ഥി. യു ഡി എഫിലെ ആനാട് ജയനും എൻ ഡി എയിലെ തഴവ സഹദേവനുമാണ് മണ്ഡലത്തിലെ മറ്റുരണ്ട് പ്രമുഖ സ്ഥാനാർത്ഥികൾ. രണ്ടാംവട്ട മത്സരത്തിനിറങ്ങുന്ന ഡി കെ മുരളി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായിമാറുമെന്നും അതിലൂടെ മിന്നും ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്ന് അദ്ദേഹം കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ

കഴിഞ്ഞ അഞ്ചുവർഷം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയത്. ആയിരം കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് കൊണ്ടുവരാൻ കഴിഞ്ഞത്. ഇതിൽ ബഹുഭൂരിപക്ഷവും പൂർത്തിയായിക്കഴിഞ്ഞു. ചിലത് അന്തിമഘട്ടത്തിലാണ്. മറ്റുചിലതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം സർക്കാറിന്റെ ഭരണനേട്ടങ്ങളുമാണ് പ്രധാനമായി ഉയർത്തിക്കാണിക്കുന്നത്. സ്വർണക്കടത്തുപോലുള്ള വിഷയങ്ങൾ സർക്കാരിന്റെ സൽപ്പേര് തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. അതിന് തെളിവാണല്ലോ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

പാലോട് മാലിന്യപ്ളാന്റ്

പാലോട് മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ വിജയത്തെ ബാധിക്കില്ല. ഒരു പ്രശ്നവുമില്ലാത്ത അവിടെ ചിലർ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. പ്ളാന്റ് അവിടെ സ്ഥാപിക്കാതിരിക്കാനുള്ള പ്രധാനകാരണം സംസ്ഥാന സർക്കാരാണ്. അത് പ്രദേശത്തെ ജനങ്ങൾക്ക് നന്നായി അറിയാം എന്നതിന് തെളിവാണ് സമരത്തിന് നേതൃത്വം കൊടുത്തവരുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയം.

പാർട്ടിയിലെ പ്രശ്നങ്ങൾ

വാമനപുരത്ത് മാത്രമല്ല സംസ്ഥാനത്തൊരിടത്തും പാർട്ടിയിൽ പ്രശ്നങ്ങളില്ല. പാർട്ടി ഒരേ മനസോടെ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറിച്ചുള്ളതെല്ലം വെറും പ്രചാരണങ്ങൾ മാത്രമാണ്. സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് ചില മണ്ഡലങ്ങളിലുണ്ടായ പ്രശ്നങ്ങൾ അപൂർവമായി മാത്രം ഉണ്ടാകുന്നവയാണ്.അതിലെല്ലാം പാർട്ടി നടപടി ഉണ്ടാവുമെന്നാണ് കരുതുന്നത്. വാമനപുരം മണ്ഡലത്തിൽ സി പി എമ്മിനുള്ളിലും എൽ ഡി എഫിലും പ്രശ്നങ്ങളുണ്ടെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് വെറും പ്രചാരണം മാത്രമാണ്.

എതിരാളികൾ

എതിർ സ്ഥാനാർത്ഥികളുടെ വില ഒട്ടും കുറച്ചുകാണുന്നില്ല. എന്നാൽ അവർ ഏറെ ശക്തരെന്ന് പ്രചരിക്കുന്നത് അവരുടെ പാർട്ടിക്കാർ മാത്രമാണ്. അത് അവരുടെ സ്ഥാനാർത്ഥികളെ ശക്തിപ്പെടുത്തി എടുക്കുന്നതിനുവേണ്ടിയായിരിക്കും.സത്യമെന്താണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ കോൺഗ്രസിൽ ഇപ്പോൾ ആകെ പ്രശ്നങ്ങളല്ലേ. മണ്ഡലത്തിലെ ഉന്നതരായ, ഏറെ ജനസ്വാധീനമുളള കോൺഗ്രസ് നേതാക്കൾ പോലും പ്രചാരണത്തിൽ വേണ്ടത്ര സഹകരിക്കുന്നില്ല. യു ഡി എഫിലെ പല ഘടക കക്ഷികൾക്കും അനിഷ്ടങ്ങളുണ്ട്. അങ്ങനെനോക്കുമ്പോൾ യു ഡി എഫിൽ ആകെ പ്രശ്നങ്ങളാണ്. ഈ അവസ്ഥയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഏറെ ശക്തനാണെന്നും വിജയിക്കുമെന്നും പ്രചരിപ്പിക്കുന്നത് ഏത് അർത്ഥത്തിലാണെന്ന് വ്യക്തമാകുന്നില്ല.

ഇരട്ടക്കൊലപാതകം

രണ്ട് സഖാക്കളുടെ അരുംകൊലയുടെ ഉത്തരവാദിത്വം സി പി എമ്മിന്റെ മേൽ കെട്ടിവയ്ക്കാനുളള ശ്രമം പലകോണുകളിൽ നിന്നും ഉണ്ടായിരുന്നു. ഫോറൻസിക്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള പത്ര റിപ്പോർട്ട് അത്തരത്തിലുള്ളതാണ്. ഇതിന് രക്തസാക്ഷികളുടെ ബന്ധുക്കൾ തന്നെ മറുപടി നൽകിയിട്ടുണ്ട്. എന്റെ മകന്റെ പേരും ഇതിലേക്ക് കൊണ്ടുവരാൻ ശ്രമമുണ്ടായിരുന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഞങ്ങളുടെ രണ്ട് സഖാക്കളെ അരുംകൊല ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് ഇതുവരെ ജാമ്യംപോലും കിട്ടിയിട്ടില്ല. കോൺഗ്രസിന്റെ സഹായത്തോടെ പ്രമുഖരായ വക്കീലന്മാരാണ് അവരുടെ ജാമ്യത്തിനുവേണ്ടി ശ്രമിച്ചത്. കോൺഗ്രസ് പറയുന്നതുപോലെയാണ് സംഭവിച്ചതെങ്കിൽ അവർക്ക് കോടതി ജാമ്യം അനുവദിക്കേണ്ടതല്ലേ? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വെഞ്ഞാറമൂട് ജംഗ്ഷനിൽ അടൂർപ്രകാശ് എം പിയുടെ നേതൃത്വത്തിൽ നടന്ന സമരം ജനങ്ങളുടെ കണ്ണിൽ മണ്ണിടാനുള്ള ശ്രമമായിരുന്നു. അതിന് ഞങ്ങൾ ശക്തമായ മറുപടി കൊടുത്തിട്ടുണ്ട്.