sreedharan

പാലക്കാട്: കാൽകഴുകൽ വിവാദത്തിൽ മറുപടിയുമായി ഇ.ശ്രീധരൻ. കാൽകഴുകുന്നതും ആദരിക്കുന്നതുമെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇത് വിവാദമാക്കുന്നവർ സംസ്‌കാരമില്ലാത്തവർ എന്ന് കരുതേണ്ടിവരുമെന്നും ഇ.ശ്രീധരൻ അഭിപ്രായപ്പെട്ടു. സ്ഥാനാ‌ർത്ഥി പ്രചാരണത്തിനിടെ ചിലർ മുട്ടുകുത്തി വണങ്ങിയും ചിലർ നമസ്‌കരിച്ചും മ‌റ്റ് ചിലർ കാൽ കഴുകിയുമാണ് സ്വീകരിച്ചത്. സ്ത്രീകളടക്കം അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിച്ചു.

പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ജാതീയതയും സവർണ മനോഭാവവുമാണ് കാൽതൊട്ട് വന്ദിക്കുന്നതിലൂടെ വെളിവാകുന്നതെന്നും ഇതിനെതിരെ വിമർശനമുയർന്നിരുന്നു. കാൽകഴുകൽ സംഭവം രാജ്യത്തെ ബിജെപി എങ്ങോട്ട് നയിക്കുമെന്നതിന് ഉദാഹരണമാണെന്ന് ഇന്ന് സിപിഐ നേതാവ് ബിനോയ് വിശ്വവും അഭിപ്രായപ്പെട്ടു. വോട്ടറെ കൊണ്ട് ഈ ശ്രീധരൻ കാൽകഴുകിക്കുന്നു. അതിനെ മഹത്വവൽക്കരിക്കുന്നു. ഇത് രാജ്യത്തെ ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും എതിരാണെന്നും ഞെട്ടലോടെയേ ഈ സംഭവത്തെ കാണാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.