val

മായാമൃഗത്തെ ഒന്നുകിൽ ജീവനോടെ പിടിക്കും അല്ലെങ്കിൽ വധിക്കും. ഈ ദൃഢനിശ്ചയവുമായി സീതയുടെ സംരക്ഷണം ലക്ഷ്‌മണനെ ഏല്‌പിക്കുന്നു. ആശ്രമദ്വാരത്തിൽ തന്നെ സീതയ്‌ക്കു കാവൽ നിൽക്കണം. ഇപ്രകാരം അനുജന് നിർദ്ദേശം നൽകിയ ശ്രീരാമൻ സ്വർണപിടിയുള്ള വാൾ അരയിൽ കെട്ടിമുറുക്കി. മൂന്ന് അളവുള്ള വില്ല് സ്വയം ധരിച്ചു. അസ്‌തമൊഴിയാത്ത രണ്ട് ആവനാഴികളും എടുത്ത് കൊണ്ട് ശ്രീരാമൻ ആശ്രമത്തിൽ നിന്നിറങ്ങി.

വില്ലും ആവനാഴിയും അസ്ത്രവുമായി പ്രത്യക്ഷപ്പെട്ട ശ്രീരാമനെ കണ്ട് മാരീചൻ ഭയം കൊണ്ട് വിറച്ചു. തന്റെ മായാമൃഗതന്ത്രം പൊളിയുമെന്ന് മനസിലാക്കിയ രാക്ഷസൻ അവിടെ നിന്ന് പാഞ്ഞു. രക്ഷയ്‌ക്കായി എവിടെയോ ചെന്നൊളിച്ചു. പക്ഷേ, രാവണന്റെ കോപമാളുന്ന നോട്ടം മാരീചനെ അസ്വസ്ഥനാക്കി. അങ്ങനെ ഒളിച്ചുനിൽക്കാൻ പറ്റില്ല. രണ്ടും കല്‌പിച്ച് മാരീചൻ ശ്രീരാമന്റെ കൺവെട്ടത്ത് പ്രത്യക്ഷപ്പെട്ടു. ഇതുതന്നെ അവസരമെന്ന് മനസിലാക്കി രാമൻ മാനിന്റെ അടുത്തെത്തി. ആയുധധാരിയായി അടുക്കുന്ന രാഘവനെ കണ്ട് ഭയപ്പാടോടെ മാൻ അമ്പുതട്ടാത്ത അത്ര ദൂരത്തിലേക്ക് ഓടിയകന്നു. വിറയാർന്ന ശരീരത്തോടെ ആകാശത്തേക്ക് ഉയർന്ന് ചാടി. ചിലനേരം കാണത്തക്കരീതിയിൽ തെളിഞ്ഞും ചിലപ്പോൾ കാർമേഘങ്ങൾക്കുള്ളിൽ മറഞ്ഞും ശ്രീരാമനെ ഭ്രമിപ്പിച്ചു. മേഘത്തിനുള്ളിൽ മറഞ്ഞും അല്‌പം കഴിഞ്ഞ് പുറത്ത് തെളിയുകയും ചെയ്യുന്ന ശരത്ക്കാല ചന്ദ്രനെപ്പോലെ പുള്ളിമാൻ കാണപ്പെട്ടു. മാനിന്റെ പിന്നാലെ കൂടിയ ശ്രീരാമൻ അല്‌പസമയം കഴിഞ്ഞപ്പോൾ ക്ഷീണിതനായി. വിശ്രമത്തിനായി ഒരു മാമരത്തണലിൽ പുൽപ്പരപ്പിൽ ശ്രീരാമൻ നിന്നു. ആ സമയം മായാമൃഗം കാട്ടുമൃഗക്കൂട്ടത്തിൽ പ്രത്യക്ഷനായി. ഇതുതന്നെ തക്കം എന്ന് ചിന്തിച്ച് അതിനെ പിടിക്കാൻ തുനിഞ്ഞപ്പോൾ ഭയന്നുപോയ മാരീചൻ ദൂരെ പോയൊളിച്ചു.

കളിച്ചും രസിച്ചും മോഹിപ്പിച്ചും ഭ്രമിപ്പിക്കുന്ന മായാമൃഗം ശ്രീരാമനെ വല്ലാതെ അസ്വസ്ഥനാക്കി. അതേസമയം ആകർഷിക്കുകയും ചെയ്‌തു. മാമരങ്ങൾക്കപ്പുറം വീണ്ടും പുള്ളിമാൻ പ്രത്യക്ഷപ്പെട്ടപ്പോൾ ശ്രീരാമന് കോപമാണ് തോന്നിയത്. ഇതിനെ ജീവനോടെ പിടിക്കുക എളുപ്പമല്ല. നിഗ്രഹിക്കുകയാണ് വേണ്ടത്. തേജസാർന്ന ഒരു ശരം രാഘവൻ വില്ലിൽ തൊടുത്തു.

മായാമൃഗത്തെ നിഗ്രഹിക്കണം. രാമനേത്രങ്ങൾ ചുവന്നുകലങ്ങി. ബ്രഹ്മനിർമ്മിതമായ ഒരുശരം സർപ്പം പോലെ ഞാണിൽ നിന്ന് പോയി. മാനിനെ വധിക്കണമെന്ന് ചിന്തിച്ചയച്ച ബാണം മാരീചന്റെ ശരീരവും നെഞ്ചും മുറിച്ചു. ശരമേറ്റു പിടഞ്ഞ രാക്ഷസൻ ആകാശത്തോളം ഉയർന്നശേഷം വിലാപത്തോടെ ഭൂമിയിൽ പതിച്ചു. ആയുസ് തീരാറായി എന്ന് മനസിലാക്കിയ മാരീചൻ അടുത്ത തന്ത്രത്തെക്കുറിച്ചാണ് അപ്പോൾ ചിന്തിച്ചത്. സീതാദേവി ലക്ഷ്‌മണനെ ഇങ്ങോട്ടയക്കണം. എന്നാലല്ലേ ശൂന്യമായ ആശ്രമത്തിൽ നിന്ന് രാവണന് സീതയെ അപഹരിക്കാനാകൂ. ചിന്തകൾ നീറിയപ്പോൾ മാരീചനൊരു കുബുദ്ധി തോന്നി. 'ഹാ സീതേ, ഹാ ലക്ഷ്‌മണ' എന്ന് ശ്രീരാമന്റെ സ്വരത്തിൽ നിലവിളിച്ചു. രാമബാണം മാറിൽ തറച്ചതിനാൽ ജീവൻ വേർപെടാൻ തുടങ്ങുന്നു. മാനിന്റെ രൂപം മാറി രാക്ഷസരൂപമായി. മനോഹരമായ തോൾവളകൾ, സ്വർണമാലകൾ, ശരീരമാകെ ആഭരണങ്ങൾ, കൂറ്റൻ ശരീരം, കൂ‌ർത്തപല്ലുകൾ, ഭീകരമുഖം, മാരീചൻ രക്തത്തിൽ കിടന്ന് പിടയുന്നത് കണ്ടപ്പോൾ ലക്ഷ്‌മണ വചനങ്ങൾ ശ്രീരാമൻ ഓർത്തുപോയി.

മാരീചൻ പറഞ്ഞത് ശരിയാണ്. ഇവൻ മായയാണ്. എന്റെ അസ്ത്രമേറ്റ് മരിച്ചവൻ മാരീചൻ തന്നെ. പ്രാണവേദനയിലും അവൻ വിലപിച്ചത് 'ഹാ സീതേ, ഹാ ലക്ഷ്‌മണാ" എന്നാണ്. അത് കേട്ട് സീത എന്തുമാത്രം വിഷമിച്ചിരിക്കും. ലക്ഷ്‌മണനും ആശങ്കയിൽ പെട്ടിരിക്കാം.

ഇപ്രകാരം ചിന്തിച്ചു കൊണ്ട് കടുത്ത ദുഃഖവും ഭയവും ഗ്രസിച്ച ശ്രീരാമൻ മറ്റൊരു മാനിനെ നിഗ്രഹിച്ചുകൊണ്ട് ആശ്രമത്തിലേക്ക് മടങ്ങി.

(ഫോൺ: 9946108220)