
മനുഷ്യമനസിന്റെ രണ്ടുഭാവങ്ങളാണ് പട്ടുസാരിയും പഴന്തുണിയും. കാലത്തിന്റെ രണ്ടുകൈവേലകൾ രാമകൃഷ്ണൻ സാർ പറഞ്ഞപ്പോൾ സുഹൃത്തുക്കൾ അന്തം വിട്ടു. ചിലർ തർക്കിച്ചു. ഇതുരണ്ടും എങ്ങനെ ഒന്നായി കാണും? രണ്ടിനും രണ്ടിന്റെ വിലയല്ലേ. ഷിർദ്ദിസായി ഭക്തനാണ് രാമകൃഷ്ണൻ. ഇടയ്ക്കിടെ മറ്റാരോടും പറയാതെ മുങ്ങും. ഒന്നോ രണ്ടോ ആഴ്ചകഴിഞ്ഞ് തിരികെ എത്തുമ്പോഴാകും എവിടെയാണ് പോയതെന്ന് പറയുക. പലപ്പോഴും ഷിർദ്ദിയിലേക്കായിരിക്കും യാത്ര. സദാഭസ്മധാരി, ഭസ്മത്തേക്കാൾ വെൺമയുള്ള പുഞ്ചിരി.ഭൗതികവാദികൾക്ക് സഹതാപം തോന്നുന്ന നിരവധി കഷ്ടപ്പാടുകൾ.
പക്ഷേ അതൊന്നും മുഖഭാവത്തിലോ വാക്കുകളിലോ നിഴലിക്കില്ല. ഉറച്ച ഭക്തിക്ക് വജ്രത്തിന്റെ മൂർച്ചയുണ്ടാകും. അതിന്റെ തിളക്കം മറ്റുള്ളവർക്ക് മനസിലായെന്നും വരില്ല. പ്രക്ഷുബ്ധമായ കടലിലും ശാന്തമായി നീങ്ങുന്ന ഒരുതോണിപോലെയാണ് രാമകൃഷ്ണൻ സാറെന്ന് അടുത്തറിഞ്ഞിട്ടുള്ളവർ പറയാറുണ്ട്. പഴന്തുണിയും പട്ടുസാരിയും ഒന്ന് നിവർത്തി പറഞ്ഞുകൂടെ... എങ്കിലേ ഞങ്ങൾ സാധാരണക്കാർക്ക് പിടികിട്ടൂ. ഒരു സുഹൃത്ത് നിർബന്ധിച്ചപ്പോൾ രാമകൃഷ്ണൻ രണ്ടിന്റെയും ഇഴകളിലൂടെ നടന്നു. അത് സരസമായ ഒരു കഥപോലെ സുഹൃത്തുക്കൾ കേട്ടിരുന്നു. കാക്കാസാഹെബ് ദീക്ഷിത്തിന്റെ വീട്ടിൽ ആത്മജ്ഞാനം തിരഞ്ഞുനടന്ന ബാബയുടെ ഭക്തനായ ദസ്ഗനു ഒരുദിവസം താമസിച്ചു. രാവിലെ നോക്കുമ്പോൾ അവിടത്തെ വേലക്കാരന്റെ സഹോദരിയായ സാധുപെൺകുട്ടി മനോഹരമായി പാടിക്കൊണ്ട് പാത്രം കഴുകുകയാണ്. കീറിയ ഒരു പഴന്തുണിയാണ് വേഷം. പാടുന്നതോ പട്ടുസാരിയെപ്പറ്റിയും. ഇളം ചുവപ്പുസാരി, എത്രമാത്രം അഴകുള്ളതാണ്. അതിന്റെ കരകളും അറ്റങ്ങളും എത്ര മനോഹരമാണ്.
അടുത്തദിവസം മനോഹരമായ ഒരു പട്ടുദാവണി സമ്മാനമായി കിട്ടി. അത് ധരിച്ചുകൊണ്ട് അവൾ അവിടെ മുഴുവൻ തുള്ളിച്ചാടി നൃത്തം വച്ചു. അവളുടെ ആനന്ദത്തിന് അതിരില്ലായിരുന്നു. അടുത്തദിവസമാകട്ടെ പഴയപോലെ കീറിയ പഴന്തുണിമാത്രം ധരിച്ച് പാത്രം കഴുകുകയാണ്. അപ്പോഴും അവൾ സന്തുഷ്ടയാണ്. ധരിക്കുന്ന വസ്ത്രങ്ങളിലോ വിലകൂടിയ ആഭരണങ്ങളിലോ അല്ല സന്തോഷം കുടികൊള്ളുന്നത്. വലിയ സന്തോഷം അനുഭവിക്കാൻ കൊട്ടാരം പോലുള്ള വീടോ ആഡംബരങ്ങളോ ആവശ്യമില്ല. ദരിദ്രയായ ആ പെൺകുട്ടി കഷ്ടപ്പാടുകളുടെ പഴന്തുണി അണിഞ്ഞിരിക്കുമ്പോഴും ആനന്ദത്തിന്റെ തിളക്കമുള്ള ഒരു പട്ടുസാരി അവൾക്ക് മനസിൽ കരുതിവയ്ക്കാനുണ്ട്. അതാണ് യഥാർത്ഥസമ്പത്ത്. പുതിയതെന്ന് നാം വാഴ്ത്തുന്നതും വിലയിടുന്നതുമൊക്കെ ക്ഷണികമാണ്. കാരണം കണ്ണഞ്ചിപ്പിക്കുന്ന പട്ടുസാരിയും നാളത്തെ പഴന്തുണി മാത്രം. മനസിന്റെ ഈ തിരിച്ചറിവുമതി യഥാർത്ഥ ആനന്ദം അനുഭവിക്കാൻ. രാമകൃഷ്ണൻസാർ പറഞ്ഞുനിറുത്തിയപ്പോൾ സുഹൃത്തുക്കളുടെ മുഖത്ത് ആനന്ദച്ചിരി നിറഞ്ഞു.
(ഫോൺ: 9946108220)