
പാലക്കാട്: വാളയാറിൽ വൻ മയക്കുമരുന്ന് വേട്ട.രണ്ട് കോടിയുടെെ മെത്താഫിറ്റാമിൻ (എം.ഡി.എം.എ ) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി സുഹൈൽ (25)നെ അറസ്റ്റു ചെയ്തു. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിൽ കടത്തുകയായിരുന്ന 120 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് എക്സൈസ് വകുപ്പ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്. രാജന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പാലക്കാട് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എ. രമേഷിന്റെ നേതൃത്വത്തിലുള്ള എ.ഇ.സി സ്ക്വാഡും പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി കോയമ്പത്തൂർ -പാലക്കാട് ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
സുഹൈൽ ഇതിനു മുമ്പും ഇത്തരത്തിൽ വൻതോതിൽ മയക്കുമരുന്ന്, കഞ്ചാവ്, മറ്റു ലഹരി വസ്തുക്കൾ എന്നിവ കടത്തിയതായി സംശയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു. എറണാകുളത്തെ നിശാപാർട്ടികളിലും, ഡി.ജെ പാർട്ടികളിലും വിതരണം നടത്തുന്നതിനാണ് ഈ മയക്കുമരുന്നു കടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പിടികൂടുന്ന മൂന്നാമത്തെ എം.ഡി.എം.എ കേസാണിത്.
പാലക്കാട് എ.ഇ.സി സ്ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ എ.ജയപ്രകാശൻ,ആർ.വേണുകുമാർ, എസ്.മൻസൂർ അലി, സി.ഇ.ഒമാരായ ബി.ഷൈബു, കെ.ജ്ഞാനകുമാർ, കെ.അഭിലാഷ്, ടി.എസ്.അനിൽ കുമാർ, എം.അഷറഫലി, എ.ബിജു, സി.ഭുവനേശ്വരി, എക്സൈസ് ഡ്രൈവർമാരായ കെ.ജെ.ലൂക്കോസ്, കൃഷ്ണകുമാരൻ, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സി.ഇ.ഒമാരായ കൃഷ്ണമൂർത്തി, വിനീത്, ബിനു എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പാലക്കാട് എ.ഇ.സി സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. പ്രശോബിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ എച്ച്.വിനുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് റേഞ്ച് ഓഫീസും മയക്കുമരുന്ന് വേട്ടയിൽ പങ്കാളികളായി.