
ചെങ്ങന്നൂർ: ഒരാഴ്ച മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ബിയറിൽ ലഹരിമരുന്ന് ചേർത്ത് നൽകി യുവാവിന്റെ അഞ്ചരപ്പവൻ കവർന്നു. തുറവൂർ കുത്തിയതോട് സ്വദേശിയ്ക്കാണ് ചതി പറ്റിയത്. യുവാവ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
ഈ മാസം 13നാണ് യുവാവ് ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ടത്. സ്കൂളിൽ യുവാവിന്റെ ജൂനിയറായി പഠിച്ചതാണെന്നും ഇപ്പോൾ ചെന്നൈയിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നതായും യുവതി വിശ്വസിപ്പിച്ചു. പിന്നാലെ 18ന് ചെങ്ങന്നൂരിൽ വന്നാൽ കാണാമെന്നും അറിയിച്ചു. തുടർന്ന് അന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവ് ചെങ്ങന്നൂരിൽ എത്തി. അപ്പോൾ ആശുപത്രി ജംഗ്ഷന് സമീപത്തുള്ള ലോഡ്ജിൽ താനുണ്ടെന്നും അവിടേക്ക് എത്താനും യുവതി നിർദ്ദേശിച്ചു.
ലോഡ്ജ് മുറിയിലെത്തിയ യുവാവിന് യുവതി ബിയർ നൽകി. മയക്കുമരുന്ന് ചേർത്ത ബിയറാണെന്നറിയാതെ കുടിച്ച യുവാവ് ബോധരഹിതനായി. രാത്രി 10 മണിയോടെ ലോഡ്ജിലെ ജീവനക്കാർ എത്തി വിളിച്ചപ്പോഴാണ് യുവാവ് ഉണർന്നത്. ഇതിനിടെ യുവതി സ്ഥലം വിട്ടിരുന്നു. യുവാവിന്റെ മൂന്നു പവന്റെ സ്വർണമാലയും ഒന്നര പവൻ തൂക്കം വരുന്ന ബ്രേസ്ലെറ്റും ഒരു പവന്റെ മോതിരവും മൊബൈൽ ഫോണും യുവതി കവർന്നു. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
യുവതി വിളിച്ച ഫോൺ നമ്പറിലുള്ള വിലാസം മുളക്കുഴ സ്വദേശിനിയുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് നൽകുന്ന സൂചന. ദമ്പതികളെന്നു പറഞ്ഞാണ് യുവാവും യുവതിയും മുറിയെടുത്തതെന്നും ലോഡ്ജ് ഉടമ പൊലീസിന് മൊഴി നൽകി. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും ലോഡ്ജിൽ എത്തി തെളിവെടുത്തു.