k-surendran

കണ്ണൂർ: തലശേരിയിലും ദേവികുളത്തും ഗുരുവായൂരിലും സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തളളിയതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബി ജെ പി സംസ്ഥാന നേതൃത്വം. കേന്ദ്ര നേതൃത്വത്തിന് മുന്നിൽ എന്ത് ഉത്തരം നൽകുമെന്ന് അറിയാതെ കുഴയുകയാണ് സംസ്ഥാന നേതാക്കൾ.

2016ൽ കണ്ണൂർ ജില്ലയിൽ ബി ജെ പിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബി ജെ പിക്ക് വേണ്ടി മത്സരിച്ച സജീവൻ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എൻ ഹരിദാസിന്റെ പത്രിക തളളിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25ന് മണ്ഡലത്തിൽ എത്താനിരിക്കെയാണ് പാർട്ടി സ്ഥാനാർത്ഥി മത്സരരംഗത്ത് ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടായിരിക്കുന്നത്. ജാഗ്രതകുറവാണ് തലശേരിയിൽ ബി ജെ പിക്ക് വിനയായത് എന്നാണ് വിമർശനം. ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ഫോം എയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാൽ എൻ ഹരിദാസ് സമർപ്പിച്ച പത്രികയിൽ സീൽ മാത്രമേ ഉണ്ടായിരുന്നുളളൂ, ഒപ്പുണ്ടായിരുന്നില്ല. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇവിടെ തളളിയിട്ടുണ്ട്.

പത്രിക തളളിയതുമായി ബന്ധപ്പെട്ട് നിയമ പോരാട്ടത്തിലേക്ക് കടക്കാനാണ് ബി ജെ പി തീരുമാനം. തലശേരിയിൽ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു ബി ജെ പി. അതുകൊണ്ടാണ് ജില്ലാ പ്രസിഡന്റിനെ തന്നെ കളത്തിലിറക്കിയത്. സബ് കളക്‌ടർ അനുകുമാരിക്ക് മുമ്പാകെ വെളളിയാഴ്ചയാണ് ഹരിദാസ് പത്രിക നൽകിയിരുന്നത്. എൽ ഡി എഫിനായി സിറ്റിംഗ് എം എൽ എ എ എൻ ഷംസീറും യു ഡി എഫിന് വേണ്ടി കെ പി അരവിന്ദാക്ഷനുമാണ് ഇവിടെ ജനവിധി തേടുന്നത്.