
റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനുമിടയിലുള്ള ഇടുങ്ങിയ തെരുവിലെ ആ പഴയ ലോഡ്ജിലേയ്ക്ക് പോകാമെന്നാണ് അയാൾ ആദ്യം കരുതിയത്. പിന്നെ ഒരു പുനരാലോചനയിൽ അത് വേണ്ടെന്ന് വച്ച് നഗരത്തിലൂടെ അലസമായി കുറച്ചുനേരം നടക്കാം എന്ന് തീരുമാനിച്ചു. ആ നിമിഷത്തിൽ തന്റെയൊപ്പം ആരോ നടക്കുന്നുണ്ടെന്ന് അയാൾക്ക് വെറുതെ ഒരു തോന്നലുണ്ടായി. പെട്ടെന്നയാൾ തിരിഞ്ഞ് നോക്കിയെങ്കിലും അടുത്തെങ്ങും ആരുമില്ല എന്ന് കണ്ട് സാവകാശം മുന്നോട്ടു നടന്നു. അങ്ങനെയാണ് അയാൾ കടൽ തീരത്തുള്ള ഉദ്യാനത്തിൽ എത്തിയത്. അപ്പോഴയാൾക്ക് അമ്പത്തിനാല് വയസുണ്ടായിരുന്നു.
വെയിൽ ചാഞ്ഞ് തുടങ്ങിയിട്ടുണ്ട്.അയാൾ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് പത്ത് രൂപ കൊടുത്തു.
ഒരാളോ?
കൗണ്ടറിലിരിക്കുന്ന പെണ്ണിന് ഒരു സംശയം പോലെ. ഒരാളേയുള്ളൂ,അയാൾ പറഞ്ഞു. സംശയം തീരാത്തത് പോലെ ഒന്ന് കൂടി അയാളെ സൂക്ഷിച്ച് നോക്കിയിട്ട് ദേഷ്യത്തിൽ ആ പെണ്ണ് ടിക്കറ്റ് മുറിച്ച് കൊടുത്തു. അതുമായി ഗേറ്റിലെത്തിയപ്പോൾ സെക്യൂരിറ്റി അമ്മാവനുണ്ട് നിൽക്കുന്നു. അയാൾക്ക് അറുപത് കഴിഞ്ഞിട്ടുണ്ടാവണം. മുടി നരച്ച് തുടങ്ങി, മീശയും. ദാരിദ്ര്യമുണ്ടെന്ന് ആ നരച്ച മീശ കണ്ടാലറിയാം. മുടി കറുപ്പിക്കാനുള്ള ചായം വാങ്ങാൻ നിവൃത്തിയില്ലാത്ത മനുഷ്യൻ. ചെന്നയുടൻ ടിക്കറ്റ് വാങ്ങി കയ്യിൽ മടക്കിപ്പിടിച്ചിട്ട് ചോദിച്ചു.
കൂടെയാരാ?
ആരുമില്ല.
അയാൾ പറഞ്ഞു.
സെക്യൂരിറ്റി മാമൻ വിശ്വാസം വരാതെ അയാളെ തുറിച്ച് നോക്കി. അയാളുടെ ഇടത്തോ വലത്തോ മുന്നിലോ പിന്നിലോ ആരുമില്ല എന്നുറപ്പാക്കിയിട്ട് ടിക്കറ്റ് നിവർത്തി നോക്കി ഒരാൾക്ക് മാത്രം പ്രവേശനാനുമതിയുള്ള ടിക്കറ്റാണതെന്ന് ഉറപ്പാക്കി. പിന്നെ അത് രണ്ടായി വലിച്ച് കീറി ഒന്ന് കൂടി അയാളെ തറപ്പിച്ച് നോക്കി തിരിച്ച് കൊടുത്തു. ഒറ്റയ്ക്ക് പാർക്കിൽ വരുന്നത് ഇപ്പോൾ കുറ്റകരമാക്കിയിട്ടുണ്ടോ എന്ന് തന്നോട് തന്നെ ചോദിച്ചു കൊണ്ടാണ് അയാൾ പാർക്കിലേക്ക് കടന്നത്. പെട്ടന്ന് അയാൾക്കൊരു സംശയം തോന്നി. മറ്റുള്ളവർക്കെല്ലാം കാണാൻ പറ്റുന്ന, തനിക്ക് മാത്രം കാണാൻ പറ്റാത്ത ആരെങ്കിലും തന്റൊപ്പം നടക്കുന്നുണ്ടോ?കുറച്ച് കാലമായി ഇടയ്ക്കിടെ അത്തരമൊരു വിചിത്രാനുഭവത്തിലൂടെ അയാൾ കടന്ന് പോകാറുണ്ട്. ആരോ കൂടെയുണ്ട് എന്നൊരു തോന്നൽ. ചിലപ്പോൾ അയാൾ തന്നെ രണ്ട് പേരുണ്ട് എന്ന യാൾക്ക് തോന്നും.
അജ്ഞാതമായ ഒരു സമയയന്ത്രത്തിൽ കയറി ഭൂതകാലത്തിലേയ്ക്ക് യാത്രചെയ്യുന്ന ഒരനുഭവം. ചിലപ്പോൾ രണ്ടു പതിറ്റാണ്ട്, ചിലപ്പോൾ മൂന്ന് പതിറ്റാണ്ട്, ചിലപ്പോൾ അതിൽ കൂടുതൽ കാലം പിന്നോട്ട് പിന്നോട്ടിറങ്ങി പോകുന്നത് പോലെ ഒരു തോന്നൽ. നോക്കിയിരിക്കെ വർത്തമാന കാലം മാഞ്ഞുപോവുകയും ആ ലോകത്ത് നി ന്ന് ഒരു ഇരുണ്ട ഇടനാഴിയിലൂടെ വളരെ മുമ്പേ ജീവിച്ച മറ്റൊരു കാലത്തേയ്ക്ക് വന്നു വീഴുകയും ചെയ്യാറുണ്ടയാൾ. ഒരേ സമയം രണ്ട് കാലങ്ങളിൽ ജീവിച്ച് കൊണ്ട് തന്നോട് തന്നെ സംസാരിക്കാൻ അയാൾക്ക് കഴിയുമായിരുന്നു. മറ്റുള്ളവരോട് സംസാരിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ അയാൾ തന്നോട് തന്നെയാണ് സംസാരിച്ചിട്ടുള്ളത്.
പെട്ടെന്ന് അയാളുടെ ഇടത് വശത്ത് ഒരു നീലസാരിയുടെ മുന്താണി കാറ്റത്തുലഞ്ഞത് പോലെ തോന്നി.അയാൾ തല തിരിച്ച് നോക്കി. ഇല്ല,ആരുമില്ല,വലത് വശത്തോ?തലവെട്ടിത്തിരിച്ച് നോക്കി. ഇല്ല, ആരുമില്ല. പെട്ടെന്ന് തൊട്ടുപിന്നിൽ കാൽപാദത്തിനടിയിൽ മണൽ ഞെരിഞ്ഞമരുന്ന ശബ്ദം. ഉണ്ട്, ആരോ പിന്നിലുണ്ട്.
ആരാണിവിടെ കണ്ണാരം പൊത്തിക്കളിക്കാൻ വന്നിരിക്കുന്നത്? അയാൾക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.അവിടെ മണൽ വിരിച്ചപാതയിൽ ഇടത്തോട്ട് തിരിയുന്ന തിരിവിൽ നിറയെ പൂത്തുനിൽക്കുന്ന വാകമരത്തിനപ്പുറത്ത് ഒരു നീലസാരി കാറ്റത്തുലഞ്ഞകന്ന് പോകുന്നുണ്ട്.
പെട്ടന്നയാൾക്ക് ലീലയെ ഓർമ്മ വന്നു. ലീല തന്നെയാണോ അത്? ആവില്ല. എങ്ങനെയാകാൻ?
അന്നേരം അയാളിൽ നിന്ന് മുപ്പത്തി രണ്ട് വയസ് കൊഴിഞ്ഞു പോയി.അയാൾ ഒരു ഇരുണ്ട ഇടനാഴിയിലൂടെ പിന്നോട്ട് പറന്ന് പോയി.വെളിച്ചത്തിലെത്തിയപ്പോൾ ഒരു ഭൂതകാലച്ചുവപ്പ് അയാൾക്ക് മേൽ വന്ന് പതിച്ചു.ആ സായന്തനത്തിൽ വഴിയോരത്ത് നിറയെ ചോര പൂത്ത ഒരു വാകമരത്തണലിൽ അയാളും ലീലയും മാത്രം. അയാൾക്ക് ഇരുപത്തിരണ്ട് വയസ്സ്, ലീലയ്ക്കും. ലീല ഒന്നും മിണ്ടിയില്ല. അയാ ളും. അയാൾ വെറുതേ വാകപ്പൂക്കൾ വീണ് കിടക്കുന്ന മൺപാതയിലേയ്ക്ക് നോക്കിനിന്നു.കുറേ നേരം കഴിഞ്ഞ് ലീല ചോദിച്ചു, പോട്ടെ?
അയാൾ വെറുതേ മൂളി.
ഇനി?
അറിയില്ല.
പിന്നെ എപ്പോഴോ ലീല പോയി.അതായിരുന്നു അവസാന കൂടിക്കാഴ്ച.അതിൽ പിന്നെ എത്ര ദിവസം കൊഴിഞ്ഞ് പോയി എന്നറിയില്ല. ഒരിക്കൽ ലീലയ്ക്ക് ഒരു കത്ത് എഴുതിയാലോ എന്നയാൾ ആലോചിച്ചു. പോസ്റ്റ് ഓഫീസിൽ പോയി ഒരു ഇൻലൻഡ് വാങ്ങണം. കുനുകുനാ അക്ഷരത്തിൽ അത് നിറയും വിധം ഒരു കത്തെഴുതണം. എഴുത്തിൽ ഇടം കിട്ടാതെ പോയ വിശേഷങ്ങൾ മാർജിനിൽ ചുവപ്പ് മഷിക്ക് വേറെ എഴുതണം. എനിക്ക് എത്രയും പ്രിയപ്പെട്ട... എന്ന് തുടങ്ങണം. ഞാൻ കെട്ടാൻ പോകുന്ന വീട്, വായിച്ച പുസ്തകം,എഴുതി നിർത്തിയ കവിത, പബ്ലിക്ക് സർവ്വീസ് കമ്മീഷന് അവസാനം അയച്ച അപേക്ഷ, പെങ്ങളുടെ സ്കൂൾ വിശേഷം, കേളീനളിനത്തെക്കുറിച്ച് പണ്ട് പാടിയ പാട്ട്, തയ്യൽക്കടയിലും വൈദ്യശാലയിലുമിരുന്ന് തർക്കിച്ച് തർക്കിച്ച് ശബ്ദമിടറിയ രാഷ്ട്രീയം ഇവയെല്ലാം എഴുതണം. ഒടുവിൽ നിനക്ക് സുഖമാണോ എന്ന ചോദ്യം പ്രത്യേകം ചേർക്കണം.എന്ന് സ്വന്തം എന്നവസാനിപ്പിക്കണം.
കൈലി മുണ്ട് മടക്കിക്കുത്താതെ,ഉടുപ്പിട്ട്,ചെരുപ്പിടാതെ,പഴയ ഹീറോ സൈക്കിളിൽ പോസ്റ്റ് ഓഫീസിൽ പോകണം. കത്ത് ചുവന്ന പെട്ടിയിലിട്ട് മടങ്ങണം. മൂന്നാം ദിനം മുതൽ മറുപടിക്കായി കാത്തിരിക്കണം.
പോസ്റ്റ്മാൻ പടി കടന്ന് വരുമ്പോൾ ഓടിച്ചെന്ന് കത്ത് വാങ്ങണം.ഇൻലൻഡ് കീറിപ്പോകാതെ ശ്രദ്ധയോടെ തുറക്കണം. മറുപടി എന്റെ പ്രിയപ്പെട്ട എന്ന് തുടങ്ങണം, നിന്റെ മാത്രം എന്നവസാനിക്കണം.
പക്ഷേ അങ്ങനൊരു കത്ത് എഴുതിയില്ല.ആ കത്ത് എഴുതിയില്ലല്ലോ എന്നോർത്ത നിമിഷം അയാളിലേയ്ക്ക് മുപ്പത്തി രണ്ട് വയസു കൂടി വന്നു നിറയുകയും ചുവന്ന ഭൂതകാലത്ത് നിന്ന് ഇരുണ്ട ഇടനാഴിയിലൂടെ വർത്തമാനത്തിന്റെ നരച്ച വെളിച്ചത്തിലേയ്ക്ക് തിരിച്ച് വരികയും ചെയ്തു. ഇവിടെ ഉയർന്ന ഉദ്യോഗത്തിലിരിക്കുന്ന പഴയ സഹപാഠിയിൽ നിന്ന് കുറച്ച് പണം കടം വാങ്ങാനാണ് അയാൾ നഗരത്തിലെത്തിയതെന്ന സത്യം അയാളുടെ ബോധമണ്ഡലത്തിൽ പുനർജ്ജനിച്ചു. ആ സമയം അയാൾ വല്ലാതെ ക്ഷീണിതനായും പരവശനായും കാണപ്പെട്ടു. അയാൾക്ക് ദാരിദ്ര്യത്തിന്റെ മണം ഉണ്ടായിരുന്നു. അനുഭവങ്ങളുടെ നരിമടയിലേക്ക് വലിച്ചെറിയപ്പെട്ട ഒരുവനെപ്പോലെ അയാൾ കീറിമുറിക്കപ്പെട്ടിരുന്നു.അയാൾ പഴയ വൃത്തികെട്ട ലോഡ്ജിലേയ്ക്ക് പതിയെ നടന്നു.
ലോഡ്ജിന് മുകളിലേയ്ക്ക് അപ്പോൾ സന്ധ്യ പെയ്തിറങ്ങി. പക്ഷേ നഗരം അതറിഞ്ഞില്ല. നഗരത്തിന് മുകളിൽ അതിപ്രഭ ചൊരിയുന്ന ആലക്തികദീപങ്ങൾ പുതുപ്പണക്കാരൻ പണം ചെലവാക്കുന്നത് പോലെ ഊർജം ധൂർത്തടിച്ച് നില കൊണ്ടു.പണ്ടായിരുന്നെങ്കിൽ മാനത്ത് നിന്ന് സന്ധ്യ പെയ്യുന്നത് കാണാമായിരുന്നു എന്നയാൾ തമാശയോടെ ഓർത്തു. പൊടുന്നനെ ആ ദീപങ്ങളൊക്ക മാഞ്ഞ് പോവുക യും വിളറിയ മഞ്ഞവെളിച്ചം പൊഴിക്കുന്ന ഫിലമെന്റ് ബൾബുകൾ തെരുവിലെ വിളക്കുകാലുകളിൽ മങ്ങിയ വെളിച്ചം പൊഴിക്കുന്നത് അയാൾ കാണുകയും ചെയ്തു. സന്ധ്യയുടെ ഇരുണ്ട ഭൂപ്രകൃതിയിലേയ്ക്ക് തുളച്ച് കയറാനൊന്നും അവയ്ക്ക് ശേഷിയുണ്ടായിരുന്നില്ല. ഇരുട്ടിൽ അവിടിവിടെ ദുർബലമായ വെളിച്ചത്തുരുത്തുകളായാണ് അവയൊക്കെയും നിലകൊണ്ടിരുന്നത്. തെരുവ് വല്ലാതെ നിശബ്ദമായിരുന്നു. ചെറുതും.ഇരുവശങ്ങളിലും ഓട് മേഞ്ഞ ചെറിയ പീടികകൾ. ഏറെക്കാലം മുമ്പാണ് താനീ കാഴ്ച കണ്ടതെന്ന് അയാളോർത്തു. ഡ്രാക്കുളക്കോട്ടയിലേയ്ക്ക് യാത്രപോയ ജോനാഥനെപ്പോലെ പിന്നിട്ട വഴിയിൽ കണ്ട ദൃശ്യങ്ങൾ താൻ വീണ്ടും വീണ്ടൂം കാണുന്നുണ്ടല്ലോ എന്നയാൾ ഭയപ്പാടോടെ ഓർത്തു. ഇപ്പോൾ തനിക്കെത്രയാണ് പ്രായം എന്ന് ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു.
ആ സമയം അമ്പത്തിനാല് വയസുള്ള അയാൾ ലോഡ്ജിന്റെ പടി കടന്നു. ഇടുങ്ങിയതും മരം കൊണ്ടുണ്ടാക്കിയതുമായ ഒരു കോവണിയുടെ താഴെ ഉയരമുള്ള മേശയും അതിനപ്പുറത്ത് അതേ പോലെ തന്നെ ഉയരമുള്ള ഒരു കസാലയും കസാലയിൽ നാലടിയിലധികം പൊക്കമില്ലാത്ത ഒരുവൻ ഇരിക്കുന്നതും അയാൾ കണ്ടു. തടിച്ച ശരീരം, അൽപ്പം ചാടിയ കുടവയർ, നെഞ്ചിന് താഴേയ്ക്ക് വളർന്നു കിടക്കുന്ന നരച്ച് തുടങ്ങിയ താടിമീശ,പറ്റെ വെട്ടിയ മുടി,വരണ്ടുണങ്ങിയവയെന്ന് തോന്നിപ്പിക്കുന്ന കണ്ണുകൾ. അയാൾക്ക് ആളെ മനസിലായി.ചന്ദ്രൻ കുട്ടിയാണ്. മുപ്പത് കൊല്ലം മുമ്പ് ഇതുവഴി വന്നപ്പോഴും ചന്ദ്രൻ കുട്ടി തന്നെയായിരുന്നു മാനേജർ. അയാൾ പഴയ പരിചയം പുതുക്കാനൊന്നും നിന്നില്ല. ഭവ്യതയോടെ ചോദിച്ചു.
മുറിയുണ്ടോ?
മുറിയുണ്ട്,ചന്ദ്രൻ കുട്ടി ചിരിച്ചു. പക്ഷേ ഇവിടം നിങ്ങൾക്ക് സേഫല്ല.
സേഫോ?
അയാൾക്ക് അതു മനസിലായില്ല.
എന്താ മനസിലായില്ലേ? ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള ചെറിയ ലോഡ്ജിൽ ഇത്തരം കാര്യങ്ങൾ പ്രയാസമാണ്. ഇവിടൊക്കെ പൊലീസ് എപ്പോഴും വരും. അത് പറഞ്ഞപ്പോൾ ചന്ദ്രൻകുട്ടിയുടെ ബീഡിക്കറ പുരണ്ട പല്ലുകൾ വൃത്തികെട്ട രീതിയിൽ തിളങ്ങി. അയാളാകട്ടെ ചന്ദ്രൻ കുട്ടി എന്താണർത്ഥമാക്കുന്നതെന്നറിയാതെ വിയർത്തു. അയാളുടെ തോളിന് മുകളിലൂടെ പിന്നിലേയ്ക്ക് നോക്കിയാണ് ചന്ദ്രൻ കുട്ടി അടുത്ത വാക്യം ഉച്ചരിച്ചത്. അതിങ്ങനെയാണ്, ഇവിടെ മനസില്ലാഞ്ഞിട്ടല്ല. പക്ഷേ ഇപ്പോൾ പഴയത് പോലല്ല. അറിയാല്ലോ?പെട്ടെന്നയാളിൽ വല്ലാത്തൊരു ഭീതി പടർന്ന് കയറി. നട്ടെല്ലിലൂടെ ഒരു തണുപ്പ് മുകളിലേയ്ക്ക് കയറിവരുന്നത് പോലെ. തന്റെ പിന്നിൽ ആരോ ഉണ്ട്. ആരാണത്?
നൊടിയിടെ അയാൾ തിരിഞ്ഞ് നോക്കി. അവിടെ ആരുമില്ലായിരുന്നു.യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിക്കാൻ പോലും അയാൾക്ക് ശക്തിയില്ലായിരുന്നു. താനിപ്പോൾ വീണ് പോയേക്കുമോ എന്നയാൾ ഭയപ്പെട്ടു. ആരാണ് തന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്? അയാൾ പൊടുന്നനെ പുറത്തേയ്ക്ക് ഓടിയിറങ്ങി. ലോഡ്ജിന്റെ കവാടം കടന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ തെരുവിന്റെ അങ്ങേത്തലയ്ക്കൽ വളവിനപ്പുറത്ത് ഒരു നീല സാരി പറന്ന് പോകുന്നതായി കാണപ്പെട്ടു. ആരാണത്? ലീലയാണോ? ലീലയെന്തിനിവിടെയെത്തി? അയാൾ അതിവേഗത്തിൽ ഓടി വളവിനപ്പുറത്തെത്തി. ഇല്ല, നീലസാരി ചുറ്റിയ ആരുമില്ല. ഇത്ര പെട്ടന്ന് എവിടെ പോയി? തെരുവിൽ കുറേയധികം ആളുകളുണ്ടായിരുന്നു. മഞ്ഞസാരി ചുറ്റിയവൾ,ചുവപ്പിൽ വെള്ളപ്പൂക്കളുള്ള സാരിയുടുത്തവൾ, കടും പച്ചയിൽ നീല എംബ്രോയിഡറി വർക്ക് ചെയ്ത സാരിയുടുത്തവൾ, ഇളം റോസ് നിറത്തിലുള്ള ചുരിദാർ അണിഞ്ഞ വൾ,നീല ജീൻസും പച്ച ടോപ്പുമണിഞ്ഞവൾ, കറുത്ത മിഡിയും വെളുത്ത ടീഷർട്ടുമണിഞ്ഞവൾ തുടങ്ങി ധാരാളം പേർ. നീലസാരിയുടുത്ത ആരും അവിടെ ഉണ്ടായിരുന്നില്ല.
പൊടുന്നനെ തന്റെ ശരീരത്തിന് വലിയ മാറ്റം വരുന്നത് പോലെ അയാൾക്ക് തോന്നി.അടുത്തനിമിഷത്തിൽ അയാളുടെ പ്രായം കുറഞ്ഞ് കുറഞ്ഞ് വരാൻ തുടങ്ങി. നഗരം കണ്മുന്നിൽ നിന്ന് മാഞ്ഞ് പോയി. തെരുവിൽ ഉയർന്ന് കേട്ടിരുന്ന കലപിലകലപില നേർത്ത് ഇല്ലാതായി. നഗരം ഒരു വലിയ കാപ്പിക്കടയായി മാറി. മേശപ്പറത്ത് രണ്ട് കപ്പ് കാപ്പി. ഇരുപുറവും അയാളും ലീലയും. ലീലയ്ക്ക് അമ്പത്തിനാല് വയസായിരുന്നു.അയാൾക്ക് ഇരുപത്തിരണ്ടും. ലീല ചോദിച്ചു.എന്തിനാണീ കിനാവ്? നമ്മളങ്ങനെയിരുന്നിട്ടില്ലല്ലോ? അപ്പോൾ ആ കാപ്പിക്കട ഉടഞ്ഞ് പോവുകയും അയാളും ലീലയും കടൽതീരത്ത് തിരിച്ചെത്തുകയും ചെയ്തു. അക്കരെ മാനത്തൊരു ചെമ്പഴുക്ക,താഴെ പൊട്ടിച്ചിരിക്കുന്ന കടൽ. ഇക്കരെ ചൊരിമണലിൽ അവർ. ലീല ചിരിച്ചു, ഇല്ല, നമ്മളങ്ങനെയിരുന്നിട്ടില്ല.അപ്പോൾ അവർ താമരപ്പൂക്കൾ വിടരുന്ന ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അയാൾക്ക് ഇരുപത്തിരണ്ട് വയസ്, ലീലയ്ക്കും. ചുറ്റും മന്ദഹസിക്കുന്ന വെയിൽ, ചെമ്പരത്തിപ്പൂവുകൾ, മഞ്ഞക്കോളാമ്പികൾ, തുള്ളിക്കളിച്ചൊരു പൂമ്പാറ്റ, വേലിപ്പടർപ്പുകൾക്കിടയി ലൊരു തണൽ,വണ്ണാത്തിപ്പുള്ളിന്റെ ചിലപ്പ്, ഓടിയോളിക്കുന്ന അണ്ണാർക്കണ്ണൻ, കൈകോർത്ത് പിടിക്കണം എന്ന കൊതിയോടെ അവർ. ലീല പറഞ്ഞു, പാഴ് കിനാവുകൾ വേണ്ട. നമ്മളങ്ങനെ നടന്നിട്ടില്ല. പിന്നെയും അയാൾ ഓർമ്മയിൽ നിന്ന് ആഗ്രഹങ്ങളുടെ വർണ്ണക്കടലാസുകൾ പുറത്തെടുത്തു. പാർക്കിലൊരു ബഞ്ച്,രണ്ടറ്റത്തും നമ്മൾ. ലീല നിഷേധാർത്ഥത്തിൽ തലയാട്ടി. ഇല്ല, നമ്മളങ്ങനെയിരുന്നിട്ടില്ല.
അയാൾ പറഞ്ഞു, ജനൽ ചതുരത്തിലൂടെ പിന്നോട്ടോടുന്ന നഗരം ഞാൻ കാണുന്നു.മരങ്ങൾ,വീടു കൾ, ഗ്രാമങ്ങൾ. മുഖാമുഖം രണ്ടിരിപ്പിടങ്ങൾ. കണ്ണിൽ കണ്ണിൽ നോക്കി നമ്മൾ. ലീല പിന്നെയും ചിരിച്ചു. നിനക്ക് ഭ്രാന്ത് പിടിച്ച് പോയോ? ഇല്ല, നമ്മളങ്ങനെയിരുന്നിട്ടില്ല.അയാളുടെ തലയ്ക്കുള്ളിൽ ഒരു കൊടുങ്കാറ്റ് മൂളാൻ തുടങ്ങി. അയാൾ അവളേയും കൊണ്ട് കായലിലേയ്ക്ക് പറന്നു. കുഞ്ഞോളങ്ങളിൽ ചിതറുന്ന ചന്ദ്രബിംബം, മുത്തമിട്ട് ഇളംകാറ്റ്, തെന്നിത്തെറിച്ചൊരു കളിവഞ്ചി,രണ്ടറ്റത്തും നമ്മൾ. എന്നിട്ട് അയാൾ തന്നെ പറഞ്ഞു. ഇല്ല,നമ്മളങ്ങനെയിരുന്നിട്ടില്ല.
അപ്പോൾ അമ്പത്തിനാല് വയസുള്ള, ദാരിദ്ര്യത്തിന്റെ മണമുള്ള,ക്ഷീണിതനും പരവശനുമായ അയാൾ, ഇല്ല നമ്മളങ്ങനെയിരുന്നിട്ടില്ല, എന്നാവർത്തിച്ച് ഉരുവിട്ട് കൊണ്ട് തെരുവിലൂടെ അതിവേഗത്തിൽ നടന്ന് പോകുന്നത് നഗരത്തിൽ അവശേഷിച്ചവർ കണ്ടു. അവർക്ക് അയാളെ ആശ്വസിപ്പിക്കണമെന്ന് തോന്നിയില്ല.അവർക്കൊക്കെ രാത്രി ഏറെ വൈകുന്നതിന് മുമ്പ് എത്താൻ ഒരു വീടുണ്ടായിരുന്നു.അവിടെ അവരെ കാത്ത് കുഞ്ഞുങ്ങളും ഭർത്താക്കന്മാരുമുണ്ടായിരുന്നു. ഭാര്യമാരുമുണ്ടായിരുന്നു.അവർക്ക് വീടുകളിലെത്തിയിട്ട് വസ്ത്രം മാറി കുളി കഴിഞ്ഞ്,ഭക്ഷണം പാകം ചെയ്യേണ്ടതുണ്ടായിരുന്നു. കുടുംബത്തിലെല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കേണ്ടതുണ്ടായിരുന്നു.കുറച്ച് സമയം ടെലിവിഷൻ പരമ്പരകൾ കണ്ടിട്ട് കുഞ്ഞുങ്ങളെ ഉറക്കി,അന്നത്തെ മൈഥുനക്രിയ നിർവഹിക്കാനുണ്ടായിരുന്നു.
അയാളപ്പോൾ പഴയ സഹപാഠിയുടെ ബംഗ്ലാവിന് മുന്നിൽ എത്തിയിരുന്നു. കൂറ്റൻ മതിൽക്കെട്ടും അതിന് മുകളിൽ പടർന്ന് കിടക്കുന്ന ബൊഗേൻ വില്ലച്ചെടിയും കടന്ന് മണൽ വിരിച്ച മുറ്റത്തുകൂടി നടന്ന് അയാൾ പൂമുഖത്തെത്തി. കാളിംഗ് ബെല്ലിൽ വിരലമർത്തി. അകത്തെവിടെയോ ഒരു കിളി ചിലയ്ക്കുന്ന ശബ്ദം. അപ്പോൾ, 'ആരോ പുറത്ത് വന്നിരിക്കുന്നു" എന്നൊരു സ്ത്രീശബ്ദം ഉയർന്നു.അയാളൊന്ന് ഞെട്ടി. ആ ശബ്ദം അമ്പത്തിനാല് വയസുള്ള ഒരു സുന്ദരിയുടേതാണെന്ന് ഒറ്റക്കേൾവിയിൽ അയാൾ തിരിച്ചറിഞ്ഞു. അത് ലീലയുടെ ശബ്ദമാണെന്ന് തന്നെ അയാൾക്ക് തോന്നി. അത് ലീലയല്ലെന്ന് അമ്പത്തിനാല് വയസുള്ള അയാൾ ഇരുപത്തിരണ്ട് വയസുള്ള അയാളോട് പറഞ്ഞു.അടുത്ത നിമിഷം വാതിലിനടുത്തേയ്ക്ക് ആരോ നടന്ന് വരുന്ന പാദപതനനാദം കേട്ടു. അത് ലീലയുടെ കാൽപെരുമാറ്റം പോലെയാണല്ലോ എന്നയാൾക്ക് തോന്നി.അത് ലീലയല്ലെന്ന് അമ്പത്തിനാല് വയസുള്ള അയാൾ ഇരുപത്തിരണ്ട് വയസുള്ള അയാളോട് പറഞ്ഞു.തൊട്ട് പിന്നാലെ വാതിലിന്റെ ഓടാമ്പൽ നീങ്ങുന്ന ശബ്ദം അയാൾ കേട്ടു. അത് ലീല ഓടാമ്പൽ മാറ്റിയതാണെന്ന് അയാൾക്ക് തോന്നി.അത് ലീലയല്ലെന്ന് അമ്പത്തിനാല് വയസുള്ള അയാൾ ഇരുപത്തിരണ്ട് വയസുള്ള അയാളോട് പറഞ്ഞു. അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അപ്പോൾ അയാളുടെ കയ്യിൽ ഒരോലക്കുടയും ഒരു പിടി അവലും ഉണ്ടായിരുന്നു.ശരീരം വല്ലാതെ പരിക്ഷീണമാകുന്നതും കാലുകൾക്ക് ശരീരത്തിന്റെ ഭാരം താങ്ങാൻ കെൽപ്പില്ലാതാകുന്നതും പോലെ അയാൾക്ക് തോന്നി. കണ്ണിൽ ഇരുട്ട് കയറുകയാണോ അവിടമാകെ വൈദ്യുതിബന്ധം നഷ്ടപ്പെടുകയാണോ എന്ന് നിശ്ചയിക്കാനാവാത്ത വിധം ഇരുട്ട് പടർന്നു.അത് ലീലയാണെങ്കിൽ അവളെ മുഖാമുഖം കാണാനുള്ള ശേഷി തനിക്കില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.അയാൾ ഇരുപത്തി രണ്ടാമത്തെ വയസിലേയ്ക്ക് തിരികെ നടന്നു.