
ഹെൽസിങ്കി: ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാഷ്ട്രമെന്ന പദവി തുടർച്ചയായ നാലാം വർഷവും കരസ്ഥമാക്കി ഫിൻലൻഡ്. 149 രാജ്യങ്ങളുടെ പട്ടികയുമായി ഇറങ്ങിയ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനെസ് ഇൻഡക്സ് റിപ്പോർട്ടിലാണ് ഫിൻലൻഡ് വീണ്ടും ഒന്നാമതെത്തിയത്. കൊവിഡ് മൂലം ലോകരാജ്യങ്ങളെല്ലാം തന്നെ പല വിധത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ, ആളുകളുടെ ജീവിതത്തെ കൊവിഡ് എങ്ങനെയാണ് ബാധിച്ചതെന്ന് അറിയുകയായിരുന്നു റിപ്പോർട്ടിന്റെ ഉദ്ദേശം. പരസ്പരവിശ്വാസവും സർക്കാരിലുള്ള ആത്മവിശ്വാസവുമാണ് കൊവിഡ് കാലത്ത് ജനങ്ങളുടെ സന്തോഷം നിലനിറുത്തുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ആളുകളുടെ മാനസികാവസ്ഥയിലും സന്തോഷത്തിലും വലിയ കുറവുണ്ടാക്കാൻ കൊവിഡിന് കഴിഞ്ഞിട്ടില്ലയെന്നത് ഞെട്ടിപ്പിക്കുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊവിഡ് സമൂഹത്തെ മുഴുവനായും ബാധിക്കുന്ന ഭീഷണിയായി കണ്ടതിനാൽ ജനങ്ങളിൽ ഐക്യവും സഹാനുഭൂതിയും വർദ്ധിച്ചെന്നും ഇതാണ് സന്തോഷം കൂടാൻ കാരണമായതെന്നുമാണ് കരുതുന്നതെന്നും ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പ്രൊഫസറും റിപ്പോർട്ടിന്റെ എഡിറ്റർമാരിൽ ഒരാളുമായ ജോൺ ഹെലിവേൽ പറഞ്ഞു.
സന്തോഷ സൂചിക
2012 മുതലാണ് വേൾഡ് ഹാപ്പിനസ് ഇൻഡക്സ് തയ്യാറാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം, സാമൂഹ്യതലത്തിലെ പിന്തുണ, ആയുർദൈർഘ്യം, പൗരസ്വാതന്ത്ര്യം, തൊഴിൽ സുരക്ഷ, അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങളും വിവിധ സർവേകളിലെ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കുന്നത്.
ഇന്ത്യ 139ാമത്
റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് 139-ാം സ്ഥാനമാണ് നൽകിയിരിക്കുന്നത്. 2019ൽ 140ാമത് ആയിരുന്നു. നേരിട്ടും ടെലഫോൺ മുഖേനയുമായിരുന്നു ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയത്. ചൈന 84ാമതും പാകിസ്ഥാൻ 105ാമതുമാണ്. 19ാമതാണ് അമേരിക്ക
സന്തോഷ സൂചകമായി...
ഫിൻലൻഡ്, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഐസ്‌ലൻഡ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ലക്സംബർഗ്, ന്യൂസിലൻഡ്, ആസ്ട്രിയ
സന്തോഷം കുറച്ച് കുറവാ...
സിംബാബ്‌വേ, റുവാണ്ട, ബോട്‌സ്വാന, ലസോതോ, അഫ്ഗാനിസ്ഥാൻ