mumbai-incident

മുംബൈ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത മുൻസിപ്പൽ ജീവനക്കാരിയെ ഓട്ടോ യാത്രക്കാരിയായ യുവതി പൊതിരെ തല്ലി. രണ്ടാംഘട്ട കൊവിഡ് വ്യാപനം ശക്തമായ മുംബൈ നഗരത്തിൽ നിന്നുമാണ് ഈ കാഴ്‌ച. ഓട്ടോറിക്ഷയിൽ ഇരുന്ന യുവതിയോട് മാസ്‌ക് ധരിക്കാൻ മുൻസിപ്പൽ ജീവനക്കാരി ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇഷ്‌ടപ്പെടാത്ത യുവതി എന്ത് ധൈര്യത്തിലാണ് തന്നെ തൊട്ടതെന്നും തടഞ്ഞതെന്നും ചോദിച്ച് ജീവനക്കാരിയെ തൊഴിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വലിയ വഴക്കായി. ഇതുകണ്ട് ജനങ്ങൾ കൂടുന്നതും യുവതി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. പിടിവിടാതെ മുനിസിപ്പിൽ ജീവനക്കാരി അലറി.സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കയാണ്.

കഴിഞ്ഞ ദിവസം 25,833 പുതിയ കൊവിഡ് കേസുകളാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തത്. 70 പേർ 24 മണിക്കൂറിനിടെ മരണമടഞ്ഞതോടെ ആകെ മരണം 53,208 ആയി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപയാണ് മുംബയ് നഗരത്തിൽ പിഴ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ എന്നിട്ടും ജനങ്ങൾ തയ്യാറാകാത്തത് സർക്കാരിന് വലിയ തലവേദനയാണ്.