us-and-russia

വാഷിംഗ്ടൺ: റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ റഷ്യയിൽനിന്ന് എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിർത്ത് അമേരിക്ക. മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനോട് അമേരിക്കയുടെ എതിർപ്പ് ഇന്ത്യയെ അറിയിക്കാൻ യു.എസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ ബോബ് മെനൻഡസ് നിർദ്ദേശം നൽകിയെന്നാണ് വിവരം.ജോ ബൈഡൻ അധികാരമേറ്റെടുത്തതിനുശേഷം അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് ഓസ്റ്റിൻ. ചൈനയുമായുള്ള സംഘർഷം രൂക്ഷാവസ്ഥയിലായപ്പോൾ അമേരിക്കയിൽ നിന്ന് പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എസ്– 400 വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനമെങ്കിൽ

കാറ്റ്സ (കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാംഗ്ഷൻസ് ആക്ട്) നിയമത്തിന്റെ 231 വകുപ്പുപ്രകാരം ഉപരോധം ഏർപ്പെടുത്തേണ്ട നീക്കമാകും അത് – ബോബ് ഇന്ത്യയ്ക്ക് കൈമാറാനായി ഓസ്റ്റിനു നൽകിയ കത്തിൽ പറയുന്നു. തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യയുടെ

വികസനത്തിനും സംഭരണത്തിനുമായി അമേരിക്കയുമായി ഒന്നിച്ച് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഇത് തടസമാകുമെന്നും ഇന്ത്യയിലെ പ്രതിനിധികളുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.

അതേസമയം,ഇടപാടുകൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്നും സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചായിരിക്കും ലോയ്ഡുമായി ചർച്ച നടത്തുന്നതെന്നും ഇന്ത്യയിലെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചിരുന്നു.

2020ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ റഷ്യ ശ്രമം നടത്തിയെന്ന യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യ - അമേരിക്ക ബന്ധം വഷളായത്. ഇതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ജോ ബൈഡൻ കൊലയാളിയെന്ന് വിളിച്ചത് പ്രശ്നങ്ങൾ കൂടുതൽ സങ്കീ‌ർണമാക്കി. ഇതിനെ തുടർന്ന് അമേരിക്കയിലെ സ്ഥാനപതിയെ റഷ്യ തിരികെ വിളിപ്പിച്ചിരുന്നു.

 കൊലയാളി പരാമർശം:പ്രതികരിച്ച് പുടിൻ

ജോ ബൈഡൻ നടത്തിയ കൊലയാളി പരാമർശത്തിൽ പ്രതികരിച്ച് വ്ലാഡിമിർ പുടിൻ. അമേരിക്കൻ പ്രസിഡന്റ് സുഖമായിരിക്കട്ടെ എന്ന് പുടിൻ ആശംസിച്ചു. യു.എസ് പ്രസിഡന്റിന്റെ പ്രസ്താവനയോട് ഞാൻ എങ്ങനെ പ്രതികരിക്കും? ഞാൻ അദ്ദേഹത്തോട് പറയും ആരോഗ്യവാനായിരിക്കുക. ഞാൻ ഓർക്കുന്നു, കുട്ടിക്കാലത്ത് നമ്മളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് നീ തന്നെയാണെന്ന് മറുപടി നൽകും. അത് കുട്ടികളുടെ തമാശ മാത്രമല്ല, അതിന് ആഴമേറിയ അർത്ഥങ്ങളുണ്ട്. നമ്മുടെ ഗുണങ്ങളാണ് മറ്റുള്ളവരിൽ നാം കാണുന്നത്, അയാളും നമ്മളെ പോലെയാണെന്ന് നാം കരുതുന്നു. അവരുടെ പ്രവർത്തികളെയും അങ്ങനെ വിലയിരുത്തുന്നു - പുടിൻ പറഞ്ഞു.



.