
വാഷിംഗ്ടൺ: ഏഷ്യൻ വംശജർ അമേരിക്കയിൽ വിവേചനം നേരിടുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജോർജിയയിലെ മസാജ് പാർലറുകളിൽ നടന്ന വെടിവയ്പ്പിൽ ആറ് ഏഷ്യൻ സ്ത്രീകളടക്കം എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൈഡൻ വംശീയതയെ വിമർശിച്ച് രംഗത്തെത്തിയത്. അറ്റ്‌ലാന്റയിലെ എമോറി സർവകലാശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോർജിയയിലെ ഏഷ്യൻ-അമേരിക്കൻ സമൂഹത്തിലെ നേതാക്കളുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി. വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ്. വർഗീയതയ്ക്കും അക്രമത്തിനുമെതിരെ അമേരിക്ക നിശബ്ദമായിക്കൂടായെന്നും അദ്ദേഹം പറഞ്ഞു. സമാന വിഷയത്തിൽ അമേരിക്കയിലെ വംശീയതയെ വിമർശിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസും മുന്നോട്ടു വന്നിരുന്നു. അമേരിക്കയിൽ വംശീയതയും സെക്‌സിസവുമുണ്ട് എന്നായിരുന്നു കമല പറഞ്ഞത്.