
പരിഷ്‌കാര നടപടികൾ പൂർത്തിയാക്കിയത് 20 സംസ്ഥാനങ്ങൾ
കൊച്ചി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ മുൻപന്തിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്" സംബന്ധിച്ച പരിഷ്‌കാരങ്ങൾ കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ പൂർണമായി നടപ്പാക്കിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ പരിഷ്‌കാരങ്ങൾ നേരത്തേതന്നെ നടപ്പാക്കിയിരുന്നു. അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, മേഘാലയ, ത്രിപുര എന്നിവകൂടി പരിഷ്‌കാരങ്ങൾ പൂർത്തിയാക്കിയതോടെയാണ് എണ്ണം 20ൽ എത്തിയതെന്ന് ധനമന്ത്രാലയത്തിന് കീഴിലെ എക്‌സ്‌പൻഡിച്ചർ വകുപ്പ് അധികൃതർ പറഞ്ഞു.
പരിഷ്‌കാര നടപടികൾ പൂർത്തിയാക്കുന്ന സംസ്ഥാനങ്ങൾക്ക് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 0.25 ശതമാനം തുക അധികമായി കടമെടുക്കാനും എക്‌സ്‌പൻഡിച്ചർ വകുപ്പ് അനുമതി നൽകി. ഇതുപ്രകാരം 20 സംസ്ഥാനങ്ങൾക്കും കൂടി അധികമായി 39,521 കോടി രൂപ പൊതുവിപണിയിൽ നിന്ന് കടമെടുക്കാം. 2,261 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാനാവുക. സംസ്ഥാനങ്ങളിലേക്ക് നിക്ഷേപം വൻതോതിൽ ആകർഷിച്ച്, വികസന വളർച്ച ശക്തമാക്കുകയും സംസ്ഥാന ജി.ഡി.പി വളർച്ച ഉയർത്തുകയുമാണ് പരിഷ്‌കാരങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
ജി.എസ്.ഡി.പി കണക്കാക്കിയാൽ ഏറ്റവുമധികം തുക പൊതുവിപണിയിൽ നിന്ന് കടമെടുക്കാവുന്നത് ഉത്തർപ്രദേശിനാണ് - 4,851 കോടി രൂപ. 4,813 കോടി രൂപയുമായി തമിഴ്നാടാണ് രണ്ടാമത്. കർണാടക (4,509 കോടി രൂപ), ഗുജറാത്ത് (4,352 കോടി രൂപ), രാജസ്ഥാൻ (2,731 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. അരുണാചൽ പ്രദേശാണ് ഏറ്റവും കുറഞ്ഞതുക പൊതുവിപണിയിൽ നിന്ന് കടമെടുക്കുക; 71 കോടി രൂപ. മേഘാലയ (96 കോടി രൂപ), ത്രിപുര (148 കോടി രൂപ) എന്നിവയും പിൻനിരയിലാണ്.
കേരളത്തിന്റെ റാങ്കും
ആശയക്കുഴപ്പവും
2019ലെ ബിസിനസ് റിഫോം ആക്‌ഷൻ പ്ളാനിന്റെ (ബി.ആർ.എ.പി) ഭാഗമായി ഓരോ സംസ്ഥാനവും 187 പരിഷ്‌കാരങ്ങളാണ് നടപ്പാക്കേണ്ടത്. ഇതിൽ 157 ദൗത്യങ്ങളും (85 ശതമാനം) പൂർത്തിയാക്കിയിട്ടും കഴിഞ്ഞ സെപ്‌തംബറിൽ പുറത്തിറക്കിയ 2019ലെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളത്തിന് കിട്ടിയത് 28-ാം സ്ഥാനമാണ്.
2015-16ൽ 18, 2016-17ൽ 20, 2017-18ൽ 21 എന്നിങ്ങനെ റാങ്കുണ്ടായിരുന്ന കേരളമാണ് 2019ൽ പിന്നോട്ടിറങ്ങിയത്. ദൗത്യങ്ങൾ മിക്കതും പൂർത്തിയാക്കിയിട്ടും റാങ്കിടിഞ്ഞതിനെതിരെ കേരളം കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു. 2016 മുതൽ കഴിഞ്ഞവർഷം വരെ 52,000ലേറെ പുതിയ ചെറുകിട സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു; 4,500 കോടി രൂപയിലധികം നിക്ഷേപവും വന്നു. എന്നിട്ടും റാങ്കിംഗിൽ കേരളം പിന്തള്ളപ്പെടുകയായിരുന്നു.
ആന്ധ്രയാണ് മുന്നിൽ
കഴിഞ്ഞ സെപ്‌തംബറിൽ കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) പുറത്തിറക്കിയ ഈസ് ഒഫ് ഡൂയിംഗ് റാങ്കിംഗിൽ ആന്ധ്രാപ്രദേശിനാണ് ഒന്നാംസ്ഥാനം. പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങൾ ഇവരാണ്:
1. ആന്ധ്രാപ്രദേശ്
2. ഉത്തർപ്രദേശ്
3. തെലങ്കാന
4. മദ്ധ്യപ്രദേശ്
5. ജാർഖണ്ഡ്