
ഗീതുവും പൂർണിമയും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ടുപേരും മലയാള സിനിമയിൽ സജീവമായ കാലം തൊട്ടുള്ള സൗഹൃദം. സന്തോഷങ്ങളിൽ ഒത്തുചേരുന്ന സൗഹൃദം. രണ്ടപേരും സിനിമയിൽ നിന്ന് മാറി കുടുംബവുമായി മുന്നോട്ട് പോകുമ്പോഴും ഇരുവരും ആ സൗഹൃദം കാത്തു സൂക്ഷിച്ചു. പിന്നീട് ആ സൗഹൃദത്തിലേക്ക് പലരും വന്നു പോയപ്പോഴും ഇവരുടെ സൗഹൃദവും ബോണ്ടിംഗും അതേപോലെ നിലനിന്നു. ഇവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധമായി.
വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള നായികമാരായി വളരുന്ന റിമ കല്ലിങ്കലും പാർവതി തിരവോത്തും ഈ സൗഹൃദത്തിൽ ചേർന്നു. ഇന്ന് പൂർണിമ ഇന്ദ്രജിത്ത് കേരളത്തിൽ അറിയപ്പെടുന്ന കോസ്റ്റ്യൂം ഡിസൈനറാണ്. പ്രാണ എന്ന ബ്രാൻഡ് കേരളത്തിന് അകത്തും പുറത്തും പരിചയപ്പെടുത്തി. ഗീതു മോഹൻദാസ് സ്വന്തം പേരിന്റെ കൂടെ സംവിധായിക പട്ടം ചാർത്തി. കേൾക്കുന്നുണ്ടോ എന്ന ഹൃസ്വ ചിത്രത്തിലൂടെ ദേശീയാംഗീകാരം നേടി.ലയേഴ്സ് ഡയസ് എന്ന ഹിന്ദി ചിത്രം ഗീതു സംവിധാനം ചെയ്ത ആദ്യ കഥാചിത്രമായി. 2019 ൽ ഗീതു സംവിധാനം ചെയ്ത മലയാള ചിത്രം മൂത്തോൻ നിരൂപക പ്രശംസ നേടി.
ഒരേ വൈബാണ് ഇവരുടെ സൗഹൃദത്തിന്റെ കരുത്ത്. ഇവർ ഒത്തുകൂടാൻ സമയം കണ്ടെത്തുന്നു. കൂടുന്ന സമയം അവിസ്മരണീയമായ നിമിഷങ്ങൾ ആക്കുന്നു. ഇവരുടെ സന്തോഷങ്ങൾ ഇവർ പരസ്പരം ആഘോഷമാക്കുന്നു. വിജയങ്ങളിൽ അഭിമാനം കൊള്ളുന്നു.മൂത്തോൻ ടോറന്റോയിൽ പ്രദർശിപ്പിച്ചപ്പോൾ ഗീതുവിനൊപ്പം പൂർണിമയും പോയിരുന്നു. അന്ന് വേദിയിൽ തിളങ്ങിയ ഗീതുവിന്റെ മനോഹരമായ സാരി ഒരുക്കിയത് പൂർണിമയായിരുന്നു. ഇപ്പോളിതാ ഈ നാൽവർ സംഘം പിക് നിക്ക് മൂഡിലാണ്. സിനിമയുടെയും മറ്റു ജോലികളുടെയും തിരക്കുകളിൽ നിന്ന് മാറി ചെറിയൊരു വെക്കേഷൻ മൂഡിലാണ് ഇപ്പോൾ നാലുപേരും.
മുംബൈ ഫിലിംഫെസ്റ്റിവലിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ സ്മൃതി കിരൺ കൊച്ചിയിലെത്തിയതാണ് ഈ നാൽവർ സംഘത്തിന്റ പുതിയ ഒത്തുചേരലിന്റെ കാരണം. ഇതിന്റ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്.ഫുൾ ഓൺ അടിപൊളി മൂഡിലാണ് നാലുപേരും ചിത്രത്തിൽ . ബീച്ചിൽ നിൽക്കുന്നതും ബോട്ടിംഗ് നടത്തുന്നതുമെല്ലാം ചിത്രങ്ങളിൽ കാണാം. ഈ പിക്നിക്കിൽ പുതിയ സിനിമ വല്ലതും ജനിക്കമോയെന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ ചോദിക്കുന്നത്.
യാത്രകൾ ഒരുപാട് ഇഷ്ടമുള്ള രണ്ടുപേരാണ് പാർവതിയും റിമയും. തങ്ങളുടെ നിലപാടുകളും ഉറക്കെ പറയുന്ന താരങ്ങളാണ് ഇരുവരും.വൈറസാണ് ഇരുവരും ഏറ്റവുമൊടുവിൽ ഒരുമിച്ചഭിനയിച്ച ചിത്രം. റിമയാണ് വൈറസ് നിർമ്മിച്ചതും.