modi

ന്യൂഡെൽഹി: അസാമിലെ തേയിലത്തോട്ടങ്ങളെയും തേയില വ്യാപാരത്തേയും നാമാവശേഷമാക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാമിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

'അസാം ജനതയുടെ പാരമ്പര്യത്തെ അവഹേളിക്കുന്ന,​ ലോക പ്രശസ്തമായ അസാം ചായയ്ക്കെതിരെ പ്രവർത്തിക്കുന്ന ദുഷ്ട ശക്തികളെ പിന്തുണയ്ക്കുന്ന നടപടിയാണ് കോൺഗ്രസിന്റേത്. എന്നാൽ ഇന്ത്യൻ ജനത ഇതിന് അനുവദിക്കില്ല.'- മോദി പറഞ്ഞു.

ഗ്രേറ്റ തുൻബർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസും അദ്ദേഹം പരോക്ഷമായി പരാമർശിച്ചു. കോൺഗ്രസ് ഇത്തരം ആളുകളെ പിന്തുണയ്ക്കുകയാണെന്നും അതിന് ശേഷം ഇവിടെ വന്ന് പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ വോട്ടിനായി മത്സരിക്കുകയാണെന്നും മോദി പറഞ്ഞു.

'ഒരു ചായക്കടക്കാരനല്ലാതെ (ചായ്‌വാല) ആർക്കാണ് തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയുക. ഗുജറാത്തിൽ കുട്ടിക്കാലത്ത് ചായ വിറ്റു നടന്ന കാലത്തെക്കുറിച്ചും' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അസാമിലെ തേയിലത്തോട്ട തൊഴിലാളികളുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ചർച്ച നടത്തിയിരുന്നു.