rape-attempt-

ഭോപ്പാൽ: '22 ഫീമെയിൽ കോട്ടയം' എന്ന മലയാളം സിനിമയിലേത് പോലെ,

വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച 45കാരന്റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് വെട്ടി മാറ്റി മദ്ധ്യപ്രദേശിലെ 32കാരി.

മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹായിലാണ് സംഭവം.

വ്യാഴാഴ്ച ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ സ്ത്രീയും 13 വയസുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രി 11ഓടെ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. 45കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകൻ വീടിന് പുറത്തേക്കോടി. ഇതിനു പിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

സ്ത്രീയെ ആദ്യം മർദ്ധിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനിന്നു. ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ഇതിനിടെയാണ് കട്ടിലിനടിയിലുണ്ടായിരുന്ന അരിവാൾ കൊണ്ട് സ്ത്രീ 45കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. ശേഷം പുലർച്ചെ1.30ഓടെ സ്ത്രീ നേരിട്ട് പൊലീസ് ഔട്ട് പോസ്റ്റിലെത്തി വിവരം പറയുകയായിരുന്നു. പൊലീസ് ഇവരുടെ വീട്ടിലെത്തി ഗുരുതരമായി പരിക്കേറ്റ 45കാരനെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.