child-death

ലക്‌നൗ: എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള വ്യാജ ഡോക്ടർ പ്രസവശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശി രാജാറാമിന്റെ ഭാര്യയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തിൽ സുൽത്താൻപുർ സൈനിയിലെ മാ ശാരദ ആശുപത്രിയിലെ വ്യാജഡോക്ടർ രാജേന്ദ്ര ശുക്ല, ആശുപത്രി ഉടമ രാജേഷ് സഹ്നി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രി അധികൃതരുടെ അലംഭാവം മൂലം തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും കൊല്ലപ്പെട്ടുവെന്നാരോപിച്ച് സുൽത്താൻപുർ സ്വദേശി രാജറാം കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതിപ്പെട്ടത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആദ്യം പ്രദേശത്തെ വയറ്റാട്ടിയുടെ അടുത്താണ് എത്തിച്ചത്. തുടർന്ന് ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. തുടർന്നാണ് മാ ശാരദ ആശുപത്രിയിൽ എത്തിയത്. ഇവിടെവച്ച് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ മരിച്ചു. പിന്നാലെ ആരോഗ്യനില ഗുരുതരമായ യുവതിയെ കാൺപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരാതിയിൽ സുൽത്താൻപുർ പൊലീസ് ആശുപത്രിയിൽ പരിശോധന നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്.

ശസ്ത്രക്രിയ നടത്തിയ രാജേന്ദ്ര ശുക്ല വ്യാജ ഡോക്ടറാണെന്നും ഇയാൾ എട്ടാംക്ലാസിൽ പഠനം നിർത്തിയ ആളാണെന്നും പൊലീസ് കണ്ടെത്തി. ഷേവിംഗ് ബ്ലേഡുകൾ ഉപയോഗിച്ചായിരുന്നു ആശുപത്രിയിൽ പ്രസവശസ്ത്രക്രിയകളടക്കം നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രിക്ക് രജിസ്ട്രേഷനില്ലെന്നും ഏതാനും വ്യാജഡോക്ടർമാരും നഴ്സുമാരുമാണ് രോഗികളെ പരിശോധിച്ചിരുന്നതെന്നും വ്യക്തമായി. തുടർന്നാണ് ആശുപത്രി ഉടമയെയും വ്യാജഡോക്ടറെയും അറസ്റ്റ് ചെയ്തത്.