
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെള്ളിയാഴ്ച അസ്ട്രസെനക വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകളെ അകറ്റാനാണ് താൻ വാക്സിൻ സ്വീകരിച്ചെതെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.
കുത്തിവയ്പ്പെടുക്കുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും നല്ല അനുഭവമാണെന്നും വേഗത്തിൽ എടുത്തു കഴിഞ്ഞതായും അദ്ദേഹം പ്രതികരിച്ചു. അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സംഗതിയാണിത്, എല്ലാവർക്കും അത് ഏറ്റവും ഗുണകരമാണ്. കൊവിഡാണ് മുന്നിലുള്ള ഭീഷണി, വാക്‌സിനെടുക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത് - ബോറിസ് വ്യക്തമാക്കി.