
ഗുവാഹത്തി: കേന്ദ്രസർക്കാരിന്റെ പൗരത്വനിയമഭേദഗതിക്കെതിരെ നിയമനിർമ്മാണം കൊണ്ടുവരും എന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി അസാമിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഗുവാഹത്തിയിലെ കോൺഗ്രസ് ഓഫീസിൽ വച്ച് പ്രകടന പത്രിക പുറത്തിറക്കിയത്.
എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപവീതം നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു. സർക്കാർ മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. തേയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയർത്തുമെന്നും അഞ്ചിന വാഗ്ദാനങ്ങൾ ഉൾപ്പെടുന്ന പ്രകടനപത്രികയിൽ പറയുന്നു.
അസം നിയമസഭയിൽ 126 സീറ്റുകളാണുള്ളത്. മാർച്ച് 27മുതൽ ഏപ്രിൽ ആറ് വരെ മൂന്ന് ഘട്ടങ്ങളായാണ്അസമിൽ വോട്ടെടുപ്പ്. ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ (മഹാജത്) എ.ഐ.യു.ഡി.എഫ്, ഇടതുപാർട്ടികൾ, അഞ്ചലിക് ഗണ മോർച്ച (എ.ജി.എം) എന്നീ കക്ഷികളാണണുള്ളത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്) ബി.ജെ.പി മുന്നണി വിടുകയും മഹാസഖ്യത്തിൽ ചേരുകയും ചെയ്തിട്ടുണ്ട്.