
ലക്‌നൗ: വ്യാജ ഡോക്ടർ ഷേവിങ്ങ് ബ്ലേഡ് ഉപയോഗിച്ച് സിസേറിയൻ ഓപ്പറേഷൻ നടത്തിയതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്. എട്ടാം ക്ലാസുതോറ്റ വ്യാജഡോക്ടറാണ് ഡോക്ടർ യുവതിക്ക് മേൽ ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ രാജേന്ദ്ര ശുക്ല എന്ന വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ മരണത്തിൽ സംശയം തോന്നിയ ഭർത്താവ് രാജാറാം നൽകിയ പരാതിക്ക് പിന്നാലെയാണ് വ്യാജഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ ഇയാൾ ഷേവിങ്ങ് ബ്ലേഡ് ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടി ജനിച്ച് മിനിറ്റുകൾക്കുള്ളിൽ മരിച്ചു.
രക്തം വാർന്ന് അവശനിലയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രാമത്തിൽ മാ ശാരദാ എന്ന പേരിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു രാജേന്ദ്ര ശുക്ല. മതിയായ രേഖകളില്ലാതെയാണ് ക്ലിനിക് പ്രവർത്തിച്ചിരുന്നത്. ഓപ്പറേഷൻ നടത്താനുള്ള ഉപകരണങ്ങളോ സൗകര്യങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.