
ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിലൂടെ രക്തസാക്ഷികൾ അപമാനിക്കപ്പെട്ടു എന്ന ആക്ഷേപം ശക്തമാണ്. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റ്കാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നത് എന്ന വാചസ്പതിയുടെ പ്രസ്താവനയെ ചൊല്ലി സൈബർ ഇടങ്ങളിൽ വാക്‌പോരും അരങ്ങേറുന്നുണ്ട്. ഇതിലെ ശരിതെറ്റുകൾ വിലയിരുത്തുന്നതിനപ്പുറത്ത് പുന്നപ്ര-വയലാർ സമരനായകരോട് പാർട്ടിയും ചരിത്രവും നീതിപുലർത്തിയോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
കേരളത്തെ ചുവപ്പിച്ച പുന്നപ്ര-വയലാർ സമരത്തിന്റെ കൺവീനറും തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി. പത്രോസിനെ കേരളത്തിലെ പുതുതലമുറയിലെ കമ്മ്യൂണിസ്റ്റുകാർ ഓർക്കുന്നുപോലുമില്ല. അവരുടെ ഓർമ്മകളിലോ, ചരിത്രത്തിലോ, രക്തസാക്ഷിമണ്ഡപങ്ങളിലോ, കെട്ടിപൊക്കിയ കൊട്ടാരസമാനമായ പാർട്ടി മന്ദിരങ്ങളിലോ ഈ തൊഴിലാളി നേതാവിന്റെ ഒരു ചിത്രമെങ്കിലും ഉണ്ടോയെന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. നട്ടെല്ല് വളയ്ക്കാത്ത തൊഴിലാളി നേതാവും ദളിതനും സഖാവ് പി. കൃഷ്ണപിള്ളയെ ഗുരുസ്ഥാനീയനായി കണ്ടിരുന്നവനുമായ പത്രോസിന്, പുന്നപ്ര-വയലാർ സമരനായക പദവിയിലേക്ക് വാഴ്ത്തപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കൻമാർക്കൊപ്പം ഒരിക്കലും സ്ഥാനം ലഭിച്ചില്ല എന്ന് കരുതേണ്ടിവരും.
പുന്നപ്രവയലാർ സമര ആക്ഷൻ കമ്മിറ്റിയുടെ കൺവീനറും തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്‌റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പത്രോസ്. നൂറ് കണക്കിന് ജനങ്ങൾ യന്ത്രതോക്കിന് മുൻപിൽ പിടഞ്ഞുവീണ ആ സമരത്തിന്റെ ഡിക്ടേറ്ററായി പാർട്ടി തിരഞ്ഞെടുത്തത് ഈ കുന്തക്കാരൻ പത്രോസിനെയായിരുന്നു. പാർട്ടിയുടെ വിവേക ശൂന്യമായ നയം പാളിപോയതിന്റെ സകലപാപഭാരവും പത്രോസിന്റെ തലയിൽ അടിച്ചേൽപ്പിച്ചു. വർഷങ്ങൾക്കിപ്പുറം ചെഗുവേരയെ ആരാധിക്കുന്ന വലിയൊരുവിഭാഗം യുവ സഖാക്കൾക്കും പത്രോസ് ആരെന്നോ അദ്ദേഹത്തിന്റെ സംഭാവന എന്താണെന്നോ അറിയാൻ വഴിയില്ല.
പത്രോസിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരേയൊരു പുസ്തകം എന്ന് പറയാവുന്നത് ചരിത്രകാരൻ യദുകുലകുമാറിന്റെ 'കെ.വി പത്രോസ്, കുന്തക്കാരനും ബലിയാടും (ഡി.സി ബുക്സ്, 1996)' എന്നതാണ്. മറവിയിലായിപ്പോയ ഈ ചരിത്രം ചികഞ്ഞെടുക്കാൻ ഈ ചരിത്രകാരൻ ഒരുപാട് അലഞ്ഞു. പത്രോസിന്റെ സമകാലീനരായ പലരും യദുകുലകുമാറിന്റെ അന്വേഷണത്തോട് സഹകരിക്കാതെ വിട്ടുനിന്നു, ചിലർ മൗനം പാലിച്ചു, ചിലർ ആട്ടിയോടിച്ചു. ഒരുപാടന്വേഷങ്ങൾക്കൊടുവിൽ അദ്ദേഹം പൂർത്തിയാക്കിയ പത്രോസിന്റെ ജീവചരിത്രം കൂടുതൽ വായനക്കാരിലേക്കെത്താതെ വിസ്മൃതിയിലാണ്ടു.

പുസ്തക രചനയുടെ ഭാഗമായി ഇ.എം.എസിനെ കണ്ടുവെങ്കിലും പത്രോസിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് യദുകുലകുമാർ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇ.എം.എസ് ആലപ്പുഴയിലെത്തിയാൽ പലപ്പോഴും താമസിച്ചിരുന്നത് പത്രോസിന്റെ കുടിലിലായിരുന്നു. എന്നിട്ടുപോലും ഇ.എം.എസ് രചിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ, പാർട്ടിയുടെ ചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങളിലൊന്നും പത്രോസിനെ ഓർക്കാനോ, അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് എഴുതാനോ തയ്യാറായിട്ടില്ല.