
കൊച്ചി: സേവിംഗ്‌സ് അക്കൗണ്ടിലെ നിശ്ചിത പരിധിക്ക് ശേഷമുള്ള പണമിടപാടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ ഫീസ് ഈടാക്കാൻ ഇന്ത്യ പോസ്‌റ്റ് പേമെന്റ്‌സ് ബാങ്കിന്റെ (ഐ.പി.പി.ബി) തീരുമാനം. സൗജന്യ പരിധിക്ക് ശേഷമുള്ള പണ നിക്ഷേപം, പണം പിൻവലിക്കൽ എന്നിവയ്ക്കാണ് ഫീസ് ഏർപ്പെടുത്തുക.
പ്രതിമാസം നിശ്‌ചിത സൗജന്യ ഇടപാടുകൾ ഉണ്ടായിരിക്കും. ശേഷമുള്ള ഇടപാടുകൾക്കാണ് ഫീസ്. ഇടപാടുകാരിൽ നിന്ന് പരമാവധി ഒരുലക്ഷം രൂപ മാത്രം നിക്ഷേപം സ്വീകരിച്ച് പ്രവർത്തിക്കുന്നവയാണ് പേമെന്റ്സ് ബാങ്കുകൾ. വായ്‌പ നൽകാൻ ഇവയ്ക്ക് അനുമതിയില്ല. എന്നാൽ എ.ടി.എം., ഫണ്ട് ട്രാൻസ്‌ഫർ, ബിൽ പേമെന്റ്, റീചാർജ്, നെറ്റ്‌ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാം.
ഫീസ് ഇങ്ങനെ
ബേസിക് സേവിംഗ്സ് അക്കൗണ്ട്
പണം പിൻവലിക്കൽ : പ്രതിമാസം നാല് ഇടപാടുകൾ സൗജന്യം. തുടർന്നുള്ള ഇടപാടുകൾക്ക് മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ). പണ നിക്ഷേപത്തിന് ഫീസില്ല.
സേവിംഗ്സ്, കറന്റ് അക്കൗണ്ട്
പണം പിൻവലിക്കൽ : പ്രതിമാസം 25,000 രൂപവരെ ഫീസില്ല. തുടർന്ന് ഓരോ ഇടപാടിനും മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ).
പണം നിക്ഷേപം : പ്രതിമാസം 10,000 രൂപവരെ ഫീസില്ല. തുടർന്ന് ഓരോ ഇടപാടിനും മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ).