gdp

ന്യൂഡൽഹി: കൊവിഡ് കാലത്തെ കടംവാങ്ങലുകളും അവശ്യവസ്‌തുക്കൾ വൻതോതിൽ വാങ്ങിക്കൂട്ടിയതും മൂലം നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ (ജൂലായ്-സെപ്‌തംബർ) രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) ഗാ‌ർഹിക സേവിംഗ്‌സ് നിരക്ക് കുത്തനെ ഇടിഞ്ഞെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. തൊട്ടു മുൻപാദത്തിലെ ജി.ഡി.പിയുടെ 21 ശതമാനത്തിൽ നിന്ന് 10.4 ശതമാനത്തിലേക്കാണ് വീഴ്‌ച.

അതേസമയം, സെപ്‌തംബർപാദത്തിലെ നിരക്ക് തൊട്ടുമുൻ സാമ്പത്തിക വർഷത്തെ സമാനപാദത്തിലെ 9.8 ശതമാനത്തേക്കാൾ മെച്ചമാണ്. കൊവിഡിൽ തൊഴിലും വരുമാനവും കുറഞ്ഞപ്പോൾ ജനങ്ങൾ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ കടമെടുത്തതാണ് സെപ്‌തംബർപാദത്തിലെ സേവിംഗ്‌സ് നിരക്ക് കുറയാനിടയാക്കിയത്. ജി.ഡി.പിയിൽ ഗാർഹിക കടബാദ്ധ്യതാ നിരക്ക് ഏപ്രിൽ-ജൂൺപാദത്തിലെ 35.4 ശതമാനത്തിൽ നിന്ന് ജൂലായ്-സെപ്‌‌തംബറിൽ 37.1 ശതമാനമായി കൂടിയിട്ടുമുണ്ട്.

ഏപ്രിൽ-ജൂണിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാനിരക്ക് നെഗറ്റീവ് 24.4 ശതമാനത്തിലേക്ക് ഇടിഞ്ഞപ്പോൾ ഗാർഹിക സേവിംഗ്സ് നിരക്ക് 21 ശതമാനമായി ഉയരുകയും ജൂലായ്-സെപ്‌തംബറിൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 7.3 ശതമാനമായി നിലമെച്ചപ്പെടുത്തിയപ്പോൾ ഗാർഹിക സേവിംഗ്സ് നിരക്ക് 10.4 ശതമാനമായി ഇടിയുകയും ചെയ്‌തതിനെ കൗതുകമായാണ് നിരീക്ഷകർ കാണുന്നതെങ്കിലും ഇതിന് റിസർവ് ബാങ്ക് വ്യക്തമായ കാരണവും മുന്നോട്ടുവയ്ക്കുന്നുണ്ട്.

സമ്പദ്‌‌വ്യവസ്ഥ തളരുമ്പോൾ കുടുംബങ്ങൾ സേവിംഗ്സ് വർദ്ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോൾ സേവിംഗ്‌സ് കുറച്ച്, ഉത്പന്ന/സേവന പർച്ചേസിംഗ് കൂട്ടുന്നതുമാണ് ഇതിനു കാരണമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2008-09ലെ ആഗോള സാമ്പത്തികമാന്ദ്യ കാലത്തും ഗാർഹിക സേവിംഗ്സ് നിരക്ക് കൂടിയതും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.