
ഡെറാഡൂൺ: 'കീറിയ ജീൻസ്' വിവാദത്തിൽ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ്സിംഗ് റാവത്ത്. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായി റാവത്ത് പറഞ്ഞു.
എന്നാൽ കീറിയ ജീൻസിനെ സംബന്ധിച്ച അഭിപ്രായം തിരുത്താൻ അദ്ദേഹം തയാറായില്ല.
' ജീൻസ് ധരിക്കുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല. എന്നാൽ കീറിയ ജീൻസ് ധരിക്കുന്നതിനോട് താത്പര്യമില്ല.'- അദ്ദേഹം ആവർത്തിച്ചു.
കീറിയ ജീൻസ് ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും കത്രിക ഉപയോഗിച്ച് ജീൻസിനെ അല്ല സംസ്‌കാരത്തെയാണ് ഇവർ മുറിച്ചു മാറ്റുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഉത്തരാഖണ്ഡ് ബാലാവകാശ കമ്മിഷൻ നടത്തിയ പരിപാടിക്കിടെയായിരുന്നു ഇത്. സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.