nss

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ്. കാനം രാജേന്ദ്രൻ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് ന്യായീകരിച്ചതിലൂടെ എൻ.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കിൽ ഈ നേതാക്കന്മാർക്കിടയിൽ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതു തന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണമെന്നും എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ശബരിമലവിഷയത്തിൽ കാനം രാജേന്ദ്രൻ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലൂടെ ഇക്കാര്യത്തിൽ എൻ.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. ശബരിമലകേസിന്റെ ആരംഭം മുതൽ വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് നായർ സർവീസ് സൊസൈറ്റി ഇന്നോളം സ്വീകരിച്ചുവന്നിട്ടുള്ളത്, ഇനിയും അത് തുടരുകതന്നെ ചെയ്യും. എന്നാൽ വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേ വരെ സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുതയെന്നും എൻ.എസ്.എസ് ആരോപിച്ചു.

എൻ.എസ്.എസിനെതിരെയുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ പ്രതിഷേധിക്കാനാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഇന്നലെ നാമജപഘോഷയാത്ര നടത്തിയത്. അതിൽ പങ്കെടുത്തത് സംഘടനയുടെ പ്രവർത്തകരാണ്, അതിൽ രാഷ്ട്രീയമില്ലെന്നും എൻ.എസ്.എസ് പറയുന്നു.