shikha-mithra

കൊൽക്കത്ത: അനുവാദമില്ലാതെ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബംഗാളിലെ കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനായിരുന്ന സോമേൻ മിത്രയുടെ ഭാര്യ ശിഖ മിത്ര. ബിജെപിയിൽ തന്നെ അംഗമാകാൻ പാർട്ടി ശ്രമിച്ചിരുന്നു. അതിനോട് താൻ താത്പര്യം കാട്ടിയില്ല. എന്നിട്ടും അവർ തന്നെ സ്ഥാനാർത്ഥിയാക്കി. ദേശീയ മാദ്ധ്യമമായ 'ആജ് തക്കി'നോട് ശിഖ മിത്ര പറയുന്നു. കൊൽക്കത്തയിലെ ചൗരിങ്ങീ മണ്ഡലത്തിലാണ് ശിഖയെ ബിജെപി സ്ഥാനാർത്തിയാക്കിയിരിക്കുന്നത്.

'എന്നെ ബിജെപി സ്ഥാനാർത്തിയാക്കിയ കാര്യം മാദ്ധ്യമങ്ങളിൽ നിന്നുമാണ് മനസിലാക്കിയത്. അവർക്ക് സ്വബോധം നഷ്ടപ്പെട്ടോ? ഞാൻ എങ്ങനെയാണ് ബിജെപിയിൽ ചേരുന്നത്? അവർ ഞങ്ങളിൽ നിന്നും ഏറെ വ്യത്യസ്തരാണ്.'- ശിഖ മാദ്ധ്യമത്തോട് പ്രതികരിച്ചു. പാർട്ടി പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ലജ്ജാകരമായ കാര്യമാണെന്നും അവർ പറയുന്നു. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ കാണാൻ വന്നിരുന്നുവെന്നും പാർട്ടിയിൽ ചേരണമെന്ന് ആവശ്യപ്പെട്ടുവെന്നും ശിഖ പറഞ്ഞു.

എന്നാൽ സുവേന്ദുവിന്റെ ആവശ്യത്തെ ശിഖ നിരാകരിച്ചു. അതിനിടെ തൃണമൂൽ എംഎൽഎയായ മാല സാഹയുടെ ഭർത്താവ് തരുൺ സാഹയെയും ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബിജെപിയുടെ നോമിനേഷനെ തരുൺ സാഹയും തള്ളുകയാണ് ഉണ്ടായത്. താൻ തന്റെ പാർട്ടിയായ തൃണമൂലിനോടടൊപ്പം ശക്തമായി നിലകൊള്ളുന്ന ആളാണെന്നും തരുൺ വ്യക്തമാക്കിയിട്ടുണ്ട്.