
ന്യൂഡൽഹി: കൊവിഡ് രോഗബാധിതനായ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അതിവേഗം രോഗത്തിൽ നിന്നും മുക്തി നേടട്ടെ എന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാന് പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കൊവിഡ് രോഗമുള്ളതായി സ്ഥിരീകരിച്ചത്.
Best wishes to Prime Minister @ImranKhanPTI for a speedy recovery from COVID-19.
പാക് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇമ്രാൻ ചൈനയുടെ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസടക്കം നിരവധി പൊതുപരിപാടികളിൽ 68 കാരനായ ഇമ്രാൻ പങ്കെടുത്തിരുന്നു. മാസ്ക് അണിയാതെയാണ് അദ്ദേഹം വെള്ളിയാഴ്ച പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി ഉദ്ഘാടനത്തിലടക്കം പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.