election

ആര് കയറും പാറശാല

 എൽ.ഡി.എഫ് -സി.കെ.ഹരീന്ദ്രൻ

 യു.ഡി.എഫ് - അൻസജിതാ റസൽ

 എൻ.ഡി.എ - കരമന ജയൻ

ഇഞ്ചോടിഞ്ച് പോരാട്ടം. ഇടതും വലതും മാറിമാറി വിജയിച്ചിട്ടുള്ള മണ്ഡലത്തിൽ 2016ൽ സി.പി.എമ്മിലെ സി.കെ.ഹരീന്ദ്രനാണ് വിജയിച്ചത്. അന്നത്തെ സിറ്റിംഗ് എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന എ.ടി.ജോർജിനെയാണ് ഹരീന്ദ്രൻ പരാജയപ്പെടുത്തിയത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തയായ അൻസജിതാ റസലിനെയാണ് കോൺഗ്രസ് ഇറക്കിയത്. രണ്ടുതവണയായി തുടർച്ചയായി മത്സരിക്കുന്ന കരമന ജയനും പ്രതീക്ഷയിലാണ്.

ചരിത്രം

രണ്ടേകാൽ ലക്ഷത്തിലധികം വോട്ടർമാർ. കേരളത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലം. അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട പഞ്ചായത്തുകൾ ഉൾപ്പെടുന്നു. 1996ൽ ഇടത്, വലത് മുന്നണികളെ പരാജയപ്പെടുത്തി സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് എൻ.സുന്ദരൻ നാടാർ വിജയിച്ചതും തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും കോൺഗ്രസ് എം.എൽ.എയായതും ഇവിടത്തെ ചരിത്രം.

ട്രെൻഡ്

മൂന്നുപേരും കരുത്തർ. പഴയ കണക്കുകൾ പഴങ്കഥയാകുമെന്നുറപ്പ്. ആര് ജയിച്ചാലും അയ്യായിരത്തിൽ കൂടുതൽ ഭൂരിപക്ഷത്തിന് സാദ്ധ്യത കുറവ്.

കണ്ണൂർ

എൽ.ഡി.എഫ് -രാമചന്ദ്രൻ കടന്നപ്പള്ളി

യു.ഡി. എഫ്-സതീശൻ പാച്ചേനി

എൻ.ഡി. എ -അർച്ചന വണ്ടിച്ചാൽ

കണ്ണൂർ:കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ രാമചന്ദ്രൻ കടന്നപ്പള്ളി ജയിച്ചതോടെയാണ് യു.ഡി.എഫിന്റെ ഈ കുത്തകയായിരുന്ന കണ്ണൂർ എൽ.ഡി.എഫിന്റേതായത്. ഇത്തവണ അതിനുള്ള അവസരമില്ലെന്ന് യു.ഡി.എഫ് പറയുന്നു. പക്ഷേ കടന്നപ്പള്ളിയെ വീണ്ടുമിറക്കിയ എൽ.ഡി.എഫ് രണ്ടും കൽപ്പിച്ചാണ്. കണ്ണൂർ ലോക്‌സഭാ മണ്ഡലവും കോർപ്പറേഷനും തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിലാണ് ഇത്തവണ യു.ഡി. എഫ് അങ്കത്തിനിറങ്ങുന്നത്. മണ്ഡലത്തിൽ അഞ്ച് വർഷത്തിനിടെയുണ്ടായ വികസനം നിരത്തിയാണ് ഇടതുമുന്നണി വോട്ടർമാരിലേക്കിറങ്ങുന്നത്.

ചരിത്രം

പള്ളിക്കുന്ന്, പുഴാതി സോണുകൾ ഒഴിച്ചുള്ള കണ്ണൂർ കോർപ്പറേഷൻ, മുണ്ടേരി പഞ്ചായത്ത് എന്നിവ ചേർന്നുള്ളതാണ് കണ്ണൂർ . ഇതിൽ മുണ്ടേരി ഒഴികെയുള്ള ഇടങ്ങളിലെല്ലാം യു.ഡി.എഫിനാണ് മുൻതൂക്കം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജയിപ്പിച്ചുവിട്ടെന്ന ഖ്യാതിയും കണ്ണൂരിനുണ്ട്. മുൻമുഖ്യമന്ത്രിമാരായ ഇ.കെ. നായനാരുടെയും കെ. കരുണാകരന്റെയും നാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്. കണ്ണൂരിൽ നിന്ന് ജയിച്ചുകയറിയ ആർ.ശങ്കറായിരുന്നു കേരളത്തിന്റ മൂന്നാമത്തെ മുഖ്യമന്ത്രി.

ട്രെൻഡ്

പ്രമുഖരെ വാഴ്ത്തിയും വീഴ്ത്തിയും മുന്നണികളെ തല്ലിയും തലോടിയും ചരിത്രമുള്ള കണ്ണൂരിൽ ഇത്തവണ എന്ത് സംഭവിക്കുമെന്നത് പ്രവചിക്കാൻ കഴിയില്ല. രണ്ട് ലക്ഷത്തോളം വോട്ടർമാരുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി. എഫിലെ സതീശൻ പാച്ചേനിയെ 1260 വോട്ടിനാണ് കടന്നപ്പള്ളി പരാജയപ്പെടുത്തിയത്.

നിലമ്പൂരിൽ പൊരിഞ്ഞ പോരാട്ടം

എൽ.ഡി.എഫ് - പി.വി.അൻവർ

യു.ഡി.എഫ് - വി.വി.പ്രകാശ്

ബി.ജെ.പി - അഡ്വ.ടി.കെ. അശോക്‌ കുമാർ

മലപ്പുറത്തെ കോൺഗ്രസിന്റെ കോട്ടയും മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് മൂന്ന് പതിറ്റാണ്ടോളം തുടർച്ചയായി വിജയിച്ച മണ്ഡലവുമാണ് നിലമ്പൂര്‌. എന്നാൽ കഴിഞ്ഞ തവണ പാറിയത് ചെങ്കൊടി. ആര്യാടൻ ഷൗക്കത്തിനെതിരെ മുൻ കോൺഗ്രസുകാരനായ അൻവർ ഇടതു സ്വതന്ത്രനായപ്പോൾ 11,504 വോട്ടിന് അട്ടിമറി വിജയം. മണ്ഡലം നിലനിറുത്താൻ അൻവറും കോട്ട പിടിച്ചെടുക്കാൻ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും നേ‌ർക്കുനേർ പേരാടുന്നു.

ചരിത്രം

1967ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പിൽ കെ.കുഞ്ഞാലിയിലൂടെ ചെങ്കൊടി പറത്തി. രാഷ്ട്രീയ എതിരാളികളാൽ വധിക്കപ്പെട്ടതിന് പിന്നാലെ 1970ൽ നടന്ന തിരഞ്ഞെടുപ്പിൽ എം.പി.ഗംഗാധരൻ ആദ്യമായി മൂവർണ്ണക്കൊടി പാറിച്ചു. 82ൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ടി.കെ.ഹംസ ഇടതുസ്വതന്ത്രനായി മത്സരിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 1987 മുതൽ 2011 വരെ ആര്യാടൻ മുഹമ്മദിന്റെ തട്ടകമായി. അനാരോഗ്യം മൂലം 2016ൽ മകൻ ഷൗക്കത്തിനായി വഴിമാറിയപ്പോൾ അട്ടിമറി വിജയവുമായി അൻവറെത്തി.

ട്രെൻഡ്

ഇഞ്ചോടിഞ്ഞ് പോരാട്ടം അരങ്ങേറുന്ന മണ്ഡലം. വി.വി.പ്രകാശും പി.വി.അൻവറും ഏറ്റുമുട്ടുമ്പോൾ മണ്ഡലത്തിൽ ഇതുവരെ കാണാത്ത പോരാട്ട വീര്യം പ്രകടം. എൻ.ഡി.എയ്ക്കും വോട്ട് ഉയർത്താനാകുമെന്ന് പ്രതീക്ഷയുണ്ട്.

കുറ്റ്യാടിയിൽ കണ്ണുംനട്ട്

യു.ഡി.എഫ് : പാറയ്ക്കൽ അബ്ദുള്ള

എൽ.ഡി.എഫ്: കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

എൻ.ഡി.എ:പി.പി. മുരളി കുറ്റ്യാടി

സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിനെതിരെ സി.പി.എം പ്രവർത്തകർ നടത്തിയ പടുകൂറ്റൻ പ്രതിഷേധ പ്രകടനമാണ് കുറ്റ്യാടി മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. പ്രതിഷേധം കടുത്തതോടെ സീറ്റ് സി.പി.എം ഏറ്റെടുത്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് ഇടത് സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എ മുസ്ളിം ലീഗിലെ പാറയ്ക്കൽ അബ്ദുള്ളയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

ചരിത്രം

2011ൽ രൂപീകൃതമായ മണ്ഡലത്തിൽ ആദ്യ ജയം സി.പി.എമ്മിലെ കെ.കെ ലതികയ്ക്ക്. 2016ൽ കെ.കെ. ലതികയെ 1157 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലീഗിലെ പാറയ്ക്കൽ അബ്ദുള്ള മണ്ഡലം തിരിച്ചുപിടിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 17,899 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ടെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 9000 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫിനുണ്ട്. ട്രെൻഡ് ഇടത് മുന്നണിയും യു.ഡി.എഫും തമ്മിലാണ് കടുത്ത മത്സരം. ഇടത് പക്ഷത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണെങ്കിലും കുറ്റ്യാടിയിൽ നടന്ന പ്രതിഷേധം എങ്ങനെ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.എൻ.ഡി.എയിലെ പി.പി. മുരളിയും പ്രതീക്ഷയിലാണ്.

മാറി മറിഞ്ഞ് മൂവാറ്റുപുഴ

എൽ.ഡി.എഫ് : എൽദോ എബ്രഹാം

യു.ഡി.എഫ് : മാത്യു കുഴൽനാടൻ

എൻ.ഡി.എ : ജിജി ജോസഫ്

പൊതുവെ യു.ഡി.എഫിനെ അനുകൂലിക്കുന്ന മണ്ഡലമാണെങ്കിലും കഴിഞ്ഞ തവണ സി.പി.ഐയിലെ എൽദോ എബ്രഹാമാണ് ജയിച്ചത്. കൈവിട്ടുപോയ മണ്ഡലം ഗ്ലാമർ നേതാവ് മാത്യു കുഴൽനാടനിലൂടെ തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അഞ്ചു വർഷത്തെ എൽദോ എബ്രഹാമിന്റെ പ്രവർത്തനമികവ് വോട്ടാകുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.എൻ.ഡി.എയിലെ ജിജി ജോസഫും പ്രചാരണത്തിൽ സജീവമാണ്.

ചരിത്രം

മൂവാറ്റുപുഴ നഗരസഭയും 11 പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ. 2016 ൽ എൽ.ഡി.എഫ് 70,269 (49.27 %) വോട്ട് നേ‌ടിയാണ് വിജയിച്ചത്. യു.ഡി.എഫ് 60,894 (42.70 %) വോട്ടും എൻ.ഡി.എ 9,759 (6.84 %) വോട്ടും നേടി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം.

ട്രെൻഡ്

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണിമാറ്റം ഫലത്തെ സ്വാധീനിക്കും. പി.ജെ. ജോസഫ് വിഭാഗത്തിന്റെ സ്വാധീനവും യു.ഡി.ഫിലെ മാത്യു കുഴൽനാടന്റെ വ്യക്തിമികവും മാറ്റുരയ്ക്കപ്പെടും.ജിജി ജോസഫ് പിടിക്കുന്ന വോട്ടുകളും നിർണായകമാകും.

കുണ്ടറ ചാടിക്കടക്കാൻ പാടുപെടും

 എൽ.ഡി.എഫ് - ജെ.മേഴ്‌സിക്കുട്ടിഅമ്മ

 യു.ഡി.എഫ് - പി.സി. വിഷ്ണുനാഥ്

 എൻ.ഡി.എ - വനജ വിദ്യാധരൻ

കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്ന്. ഫലം വരുമ്പോൾ ചിത്രം മാറിമറിയുന്ന ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് തവണയായി എൽ.ഡി.എഫിന്റെ ജെ. മേഴ്‌സിക്കുട്ടിഅമ്മയാണ് വിജയി. ഇടത് മേധാവിത്വം തകർക്കാൻ യു.ഡി.എഫ് ഇത്തവണ ഇറക്കിയത് ശക്തനായ പി.സി. വിഷ്ണുനാഥിനെ. എൻ.ഡി.എയുടെ വനജ വിദ്യാധരനാണ് മറ്റൊരു സ്ഥാനാർത്ഥി. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്ന്. 30,000 വോട്ടുകൾക്ക് മുകളിലാണ് എൻ.ഡി.എ നേടിയത്.

ചരിത്രം

2009ലെ പുനർവിഭജനത്തിന് ശേഷം തുടർച്ചയായി എൽ.ഡി.എഫാണ് വിജയിക്കുന്നത്. ഇളമ്പള്ളൂർ, കൊറ്റങ്കര, നെടുമ്പന, പേരയം, പെരിനാട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മണ്ഡലം. 2016ൽ 1.52 ലക്ഷം വോട്ടർമാർ. മേഴ്‌സിക്കുട്ടിഅമ്മ വിജയിച്ചത് 30,460 വോട്ടുകൾക്ക്. എൽ.ഡി.എഫിന് കിട്ടിയ വോട്ട് 79,047 (51.81 %). യു.ഡി.എഫിന് 48,587 (31.85%). എൻ.ഡി.എയ്ക്ക് 20,257 (13.28%). ഇപ്പോൾ 2.35 ലക്ഷം വോട്ടർമാർ.

ട്രെൻഡ്

വിജയം പ്രവചനാതീതം. മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് മണ്ഡലത്തിൽ ആഴത്തിൽ സ്വാധീനമുണ്ട്. പി.സി. വിഷ്ണുനാഥിന് കൂടുതൽ നിഷ്പക്ഷ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. എൻ.ഡി.എ വലിയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലവുമാണ്.

അമ്പലപ്പുഴ പാൽപ്പായസം ആര് നുണയും

എൽ.ഡി.എഫ്: എച്ച്. സലാം

യു.ഡി.എഫ്: അഡ്വ. എം.ലിജു

എൻ.ഡി.എ: അനൂപ് ആന്റണി

ജോസഫ് തുടർച്ചയായി മൂന്നു തവണ വിജയിച്ച മന്ത്രി ജി. സുധാകരൻ ഇത്തവണ മത്സരിക്കാത്തതിനാൽ ആരു വിജയിക്കുമെന്ന് പ്രവചിക്കാനാവില്ല യു.ഡി.എഫ് ചായ്‌വുള്ള മണ്ഡലം സുധാകരനിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. സുധാകരനെ ഒഴിവാക്കിയതോടെ പ്രതിഷേധവും ശക്തം. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ എച്ച്. സലാമിലൂടെ മണ്ഡലം നിലനിറുത്താനാണ് ഇടുതുമുന്നണിയുടെ ശ്രമം ഡി.സി.സി പ്രസിഡന്റ് എം. ലിജുവാണ് യു.ഡി.എഫ് സ്‌ഥാനാർത്ഥി. യുവമോർച്ച ദേശീയ സെക്രട്ടി അനൂപ് ആന്റണി ജോസഫും എൻ.ഡി.എയ്‌ക്കായി കളത്തിലുണ്ട്.

ചരിത്രം

വോട്ടർമാർ 1,74,020. ആലപ്പുഴ നഗരസഭയിലെ 25 വാർഡുകളും അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, പുറക്കാട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. 2016ൽ 1,68,306 വോട്ടർമാർ. അന്ന് സി.പി.എമ്മിന് കിട്ടിയ വോട്ട് 63,069 (47.54 %), യു.ഡി.എഫിലെ ജെ.ഡി.യുവിന് 40,448 (30.49 %), ബി.ജെ.പിക്ക് 22,730 (17.13 %)

ട്രെൻഡ്

ത്രികോണ മത്സരമില്ലെങ്കിലും ആരു ജയിക്കുമെന്ന് പ്രവചിക്കാനാവില്ല. ജി. സുധാകരനെ ഒഴിവാക്കിയതോടെ സി.പി.എമ്മിൽ തലപൊക്കിയ വിഭാഗിയത നിർണായകം. ആര് ജയിച്ചാലും ഭൂരിപക്ഷം അയ്യായിരത്തിൽ താഴെ.

ചാഞ്ചാടിയാടി കൽപ്പറ്റ

യു.ഡി.എഫ് -ടി.സിദ്ദീഖ്

എൽ.ഡി.എഫ് -എം.വി. ശ്രേയാംസ് കുമാർ

എൻ.ഡി.എ- ടി.എം.സുബീഷ്

എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറും കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖും തമ്മിലാണ് പ്രധാന പോര് .എന്നാൽ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ടി.സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കിയത് വയനാട്ടിലെ ചില പ്രാദേശിക നേതാക്കൾക്ക് തീരെ രസിച്ചിട്ടില്ല.സിറ്റിംഗ് എം.എൽ.എയും സി.പി.എം നേതാവുമായ സി.കെ.ശശീന്ദ്രന്റെ കഴിഞ്ഞ തവണത്തെ എതിരാളിയായിരുന്ന ശ്രേയാംസ് കുമാർ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മണ്ഡലത്തിൽ സാന്നിദ്ധ്യമുറപ്പിക്കാനാണ് എൻ.ഡി.എ ശ്രമം.

ചരിത്രം

എൽ.ജെ.ഡിയെ സംബന്ധിച്ചിടത്തോളം വൈകാരിക ബന്ധമുള്ള മണ്ഡലം. കല്പറ്റ മണ്ഡലമായി രൂപവത്കരിച്ചതിനുശേഷം ആദ്യം പ്രതിനിധാനം ചെയ്തത്‌ തൊഴിലാളി നേതാവായിരുന്ന ബി. വെല്ലിംഗ്ടൺ ആണ്.1987-ൽ ജെ.എൻ.പി.യെ പ്രതിനിധാനം ചെയ്ത്‌ എം.പി. വീരേന്ദ്രകുമാർ വിജയിച്ചു. 1991 മുതൽ മൂന്നുതവണയായി കോൺഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രനു പിന്നിൽ കല്പറ്റക്കാർ ഉറച്ചുനിന്നു. 2006-ലും 2011-ലും എം.വി. ശ്രേയാംസ് കുമാർ വിജയിച്ചു. 2016-ൽ വിജയം സി.പി.എമ്മിലെ സി.കെ. ശശീന്ദ്രന്.

ട്രെൻഡ്

യു.ഡി.എഫിനൊപ്പം സോഷ്യലിസ്റ്റുകൾക്കും ഒരുപോലെ വേരോട്ടമുള്ളതിനാൽ മത്സരം പ്രവചനാതീതം. ടി.സിദ്ദീഖിനോടുള്ള മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെ സമീപനവും നിർണയകമാകും.

വടക്കാഞ്ചേരിയിൽ ഇത്തവണയും ഇ‌ഞ്ചോടിഞ്ചോ

യു.ഡി.എഫ് - അനിൽ അക്കര

എൽ.ഡി.എഫ്- സേവ്യർ ചിറ്റിലപ്പിള്ളി

എൻ.ഡി.എ - അഡ്വ.ടി.എസ്.ഉല്ലാസ് ബാബു

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സിറ്റിംഗ് എം.എൽ.എ അനിൽ അക്കര ഉയർത്തിക്കൊണ്ട് വന്ന പ്രശ്‌നങ്ങൾ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.ഇതെല്ലാം വോട്ടർമാർക്കിടയിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിനുള്ള വിധിയെഴുത്ത് കൂടിയാകും വടക്കാഞ്ചേരിയിലെ ഫലം. 2016 ലെ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ യു.ഡി.എഫിന് ലഭിച്ച ഏക മണ്ഡലമാണിത്. അതും വെറും 43 വോട്ടിന്. സിറ്റിംഗ് എം.എൽ.എയായ അനിലിനെ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സേവ്യർ നേരിടുമ്പോൾ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസിന്റെ പ്രകടനവും നിർണായകമാകും.

ചരിത്രം

രണ്ടേക്കാൽ ലക്ഷത്തിലധികം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയും ഏഴു പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. 1,97,483 വോട്ടർമാരാണ് 2016 ൽ ഉണ്ടായിരുന്നത്. അനിൽ അക്കര 65,535 (41.02) വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിലെ മേരിതോമസിന് 65,492(40.99) വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ ഉല്ലാസ് ബാബു 26,652 (11.33) വോട്ടും നേടി.

ട്രെൻഡ്

ഫലം പ്രവചനാതീതമാണ്. പഞ്ചായത്ത് പദയാത്രകളിലൂടെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ആദ്യം ഇറങ്ങിയത് അനിൽ അക്കരയായിരുന്നെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ സേവ്യർ ചിറ്റിലപ്പിള്ളിയും ഉല്ലാസ് ബാബുവും ഒപ്പത്തിനൊപ്പമായി.

അട്ടിമറി പ്രതീക്ഷിച്ച് ഉദുമ

എൽ.ഡി.എഫ് - സി.എച്ച്. കുഞ്ഞമ്പു

യു.ഡി.എഫ് -ബാലകൃഷ്ണൻ പെരിയ

എൻ.ഡി.എ -എ.വേലായുധൻ

ഇരട്ടക്കൊലപാതകം നടന്ന പെരിയ കല്ല്യോട്ട് പ്രദേശം ഉൾപ്പെടുന്ന മണ്ഡലം എന്ന നിലയിൽ രാഷ്ട്രീയ ശ്രദ്ധനേടി. തുടർച്ചയായി ഇടതുമുന്നണിയെ ജയിപ്പിക്കുന്ന മണ്ഡലം. 2006 ൽ മഞ്ചേശ്വരത്ത് ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ച അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിനെയാണ് ഉദുമ നിലനിറുത്താൻ എൽ.ഡി.എഫ് ഇറക്കിയത്.1987 ലെ കോൺഗ്രസിലെ കെ.പി. കുഞ്ഞിക്കണ്ണന്റെ അട്ടിമറി വിജയം ആവർത്തിക്കാൻ യു.ഡി.എഫ് ഇറക്കിയത് ബാലകൃഷ്ണൻ പെരിയയെ.

ചരിത്രം

2016 ൽ കോൺഗ്രസിലെ കെ.സുധാകരനെ 3698 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ. കുഞ്ഞിരാമൻ തോൽപ്പിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആയിരുന്നു എൻ ഡി എ സ്ഥാനാർത്ഥി. 2011 ൽ കോൺഗ്രസിലെ സി.കെ. ശ്രീധരനെ11,380 വോട്ടിന് തോൽപ്പിച്ചാണ് കെ. കുഞ്ഞിരാമൻ കന്നിവിജയം നേടിയത്. 2016 ൽ 1,99,829 വോട്ടർമാരുണ്ടായി.

ട്രെൻഡ്

പ്രവചിക്കാൻ കഴിയാത്ത ഉശിരൻ പോരാട്ടമാണ് ഉദുമയിൽ . കാറ്റ് എങ്ങോട്ട് വീശുമെന്ന് പറയുക പ്രയാസം. അടിയൊഴുക്കുകളും സമുദായ വോട്ടുകളും നിർണായകം. ആര് ജയിച്ചാലും ഭൂരിപക്ഷം നിസാരവോട്ടുകൾ മാത്രമായിരിക്കും .