
മെട്രോമാൻ എന്നറിയപ്പെടുന്ന എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരന്റെ കാൽ കഴുകി വന്ദിച്ച സംഭവത്തെ ന്യായീകരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി. കാൽതൊട്ട് വന്ദിക്കുക എന്നതും ബഹുമാനിക്കലും നാട്ടിലെ ആചാര രീതികളാണെന്നും ഇക്കാര്യം വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും പോസിറ്റീവായി കാണേണ്ട കാര്യമാണെന്നും പറഞ്ഞുകൊണ്ടാണ് അബ്‌ദുള്ളക്കുട്ടി സംഭവത്തെ ന്യായീകരിച്ചത്. കൊറോണ വന്നപ്പോൾ നാമെല്ലാവരും നമസ്തേ പറയാൻ തുടങ്ങിയില്ലേ. ഇ ശ്രീധരന്‍ കാല് തൊട്ട് വന്ദിക്കാന്‍ മാത്രം അര്‍ഹതയുള്ള ഒരു മഹാ പ്രതിഭയാണ്. ടെക്നോക്രാറ്റാണ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ പറയുന്നു.
'ഞങ്ങള കണ്ണൂരൊക്കെ പണ്ട് പുതിയാപ്ളാര് വീട്ടിലേക്ക് വരുമ്പോ നമ്മള് അളിയന്മാര് പോയിട്ട് കാല് കഴുകാന് വെള്ളൊഴിച്ചു കൊടുക്കും. അത് മലപ്പുറത്തുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂട. പല ആചാരങ്ങളും ശീലങ്ങളുമൊക്കെ നമ്മുടെ നാട്ടില്‍ പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്. ചിലയിടത്ത് അത് മാറിപ്പോയിട്ടുണ്ട്. കാല് കഴുകുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഏറ്റവും വലിയ ആദരവ് തോന്നിയ ഒരു സംഗതി ഇന്ത്യന്‍ പ്രധാനമന്ത്രി സ്വച്ഛ്ഭാരത് കാമ്പയിനിന്റെ ഭാഗമായി, ഗുജറാത്തിലെ ഒരു മുനിസിപ്പാലിറ്റി ജീവനക്കാരുടെ കാല് കഴുകി തുടച്ച സംഭവം നമ്മുടെ മുമ്പിലുണ്ട്.'-അദ്ദേഹം പറഞ്ഞു.
പാലക്കാട്ട്, ഇ ശ്രീധരന്റെ കാല്‍ കഴുകുന്നതിന് പുറമെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുമ്പിൽ മുട്ടുകുത്തി വണങ്ങുന്നതും തൊട്ട് തൊഴുന്നതും നമസ്കരിക്കുന്നതുമായ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സവര്‍ണ മനോഭാവത്തെ അനുകൂലിക്കുകയും സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സംഭവമെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധി പേർ രംഗത്തുവന്നിരുന്നു. എന്നാൽ കാൽ കഴുകുന്നത് ബഹുമാനം കൊണ്ടാണെന്നും അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും പറഞ്ഞുകൊണ്ടാണ് ഇ ശ്രീധരൻ സംഭവത്തെ ന്യായീകരിച്ചത്. വിമർശിക്കുന്നവർ സാംക്സ്കാരമില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.