
തിരുവനന്തപുരം: നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത 'ബിരിയാണി' ഈ മാസം 26 ന് തീയറ്ററുകളിൽ എത്തും. ഒട്ടേറെ ചലച്ചിത്രോത്സവങ്ങളിൽ അവാർഡുകൾ സ്വന്തമാക്കിയ സിനിമയുടെ ട്രെയിലർ സംവിധായകൻ സജിൻ ബാബു തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിരുന്നു. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിയത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദർശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടി. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും സജിൻ ബാബു തന്നെയാണ്. യു.എ.എൻ. ഫിലിം ഹൗസ് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്രസംയോജനം അപ്പു എൻ. ഭട്ടതിരിയുമാണ് നിർവഹിച്ചിരിക്കുന്നത്.