kk-

മുംബയ്: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ കേസിൽ വൻ വെളിപ്പെടുത്തലുമായി മുംബയ് മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ്.. കേസുമായി ബന്ധപ്പെട്ട് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട പരംബീർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ വിവരങ്ങൾ പുറത്തുവന്നു .

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണമാണ് കത്തിൽ ഉന്നയിക്കുന്നത്. മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ കേസിൽ സസ്‌പെൻഷനിലായ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സച്ചിൻ വാസെയെ ഉപയോഗിച്ച് 100 കോടി രൂപ മുംബയിലെ ഭക്ഷണശാലകൾ, ബാറുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പിരിവ് നടത്താൻ ശ്രമം നടന്നിരുന്നുവെന്നാണ് കത്തിൽ പറയുന്നത്. വാസെയെ കൂടാതെ മറ്റ് ചില ഉദ്യോഗസ്ഥർക്കും ആഭ്യന്തരമന്ത്രിയിൽ നിന്ന് ഇത്തരം നിർദ്ദേസം കിട്ടിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഒപ്പം ക്രമസമാധാന പാലനത്തിൽ ആഭ്യന്തര മന്ത്രിയുടെ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുവെന്നും കത്തിൽ പരാമർശമുണ്ട്. വാസെ അടക്കമുള്ള പൊലീസ് ഓഫീസർമാരെ സ്വന്തം വസതിയിൽ വിളിച്ചുവരുത്തി അന്വേഷണങ്ങൾക്കും മറ്റും ആഭ്യന്തരമന്ത്രി നിർദേശം നൽകുന്നുവെന്നാണ് കത്തിലെ മറ്റൊരു ആരോപണം. സമയം ഫെബ്രുവരി മധ്യത്തോടെയാണ് നൂറുകോടി പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത് എന്നാണ് കത്തിൽ പറയുന്നത്.

ആരോപണങ്ങൾ അനിൽ ദേശ്‌മുഖ് നിഷേധിച്ചിട്ടുണ്ട്. മുകേഷ് അംബാനി കേസ് സച്ചിൻ വാസെയിലും അത് കഴിഞ്ഞ് പരംബീറിലേക്കും നീങ്ങും എന്നതിനാലാണ് പരംബീർ ഇത്തരം ഒരു ആരോപണം നടത്തുന്നത്. സ്വയം നിയമനടപടികളിൽ നിന്നും രക്ഷനേടാൻ വേണ്ടിയാണിതെന്നും ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചു.