tea

കൊച്ചി: ഉത്തരേന്ത്യയിൽ നിന്നും കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും ഡിമാൻഡ് വർദ്ധിച്ചതോടെ ഉന്മേഷം തിരിച്ചുപിടിച്ച് തേയില വില. കൊച്ചിയിലെ ലേലകേന്ദ്രങ്ങളിൽ അഞ്ചുമുതൽ പത്തുരൂപ വരെ വില വർദ്ധന കഴിഞ്ഞവാരം ദൃശ്യമായി. ശരാശരി 155 രൂപയായിരുന്ന വില 163 രൂപവരെ ഉയർന്നു.

കൊവിഡ്, ലോക്ക്ഡൗണിനുശേഷം വിപണി സജീവമാകുകയും ഡിമാൻഡ് കൂടുകയും ചെയ്‌തത് നേട്ടമായി. വിളവെടുപ്പ് കാലമായതും ഗുണം ചെയ്‌തു.

അടുത്തമാസം അസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും വിളവെടുപ്പ് തുടങ്ങും. അതുവരെ മെച്ചപ്പെട്ട വില തുടരുമെന്നാണ് വിപണിയുടെ പ്രതീക്ഷകൾ. അസാം, ബംഗാൾ തേയിലകളും വിപണിയിൽ എത്തുന്നതോടെ വില കുറഞ്ഞേക്കാം. കോമൺവെൽത്ത് രാജ്യങ്ങൾ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന് 1.81 ലക്ഷം കിലോഗ്രാം തേയിലയ്ക്ക് കഴിഞ്ഞവാരം ഡിമാൻഡുണ്ടായി. സി.ടി.സി (ക്രഷ്, ടിയർ, കേൾ) ഇലയിനത്തിന് 49,000 കിലോഗ്രാമിന്റെ ഡിമാൻഡ് ലഭിച്ചു.

11.29 കിലോഗ്രാമിന്റെ ഡിമാൻഡ് ഉണ്ടായെങ്കിലും പൊടിത്തേയില വില രണ്ടു മുതൽ അഞ്ചുരൂപവരെ കുറഞ്ഞു. തേയില വ്യാപാരികൾ, സംസ്ഥാന സിവിൽ സപ്ളൈസ് കോർപ്പറേഷൻ (സപ്ളൈകോ) എന്നിവരിൽ നിന്നും കഴിഞ്ഞവാരം നല്ല ഡിമാൻഡുണ്ടായി. ഓർത്തഡോക്‌സ് ഡസ്‌റ്റ് ഇനത്തിൽ ഡിമാൻഡ് പൊതുവേ കുറവായിരുന്നു; കഴിഞ്ഞവാരം ഓഫർ ലഭിച്ചത് 6,000 കിലോഗ്രാമിന് മാത്രമാണ്.